തദ്ദേശസ്ഥാപനങ്ങളിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം

തദ്ദേശ സ്ഥാപനങ്ങളിലെ ആയിരത്തിലേറെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും 10 വർഷമായി കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ, തസ്തിക സൃഷ്ടിച്ച്‌ സ്ഥിരപ്പെടുത്താനാണ് നടപടി.

ഇ-ഗവേണൻസ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും സാങ്കേതികസഹായത്തിനുമായി 2012-ല്‍ നിയമിച്ചവരെയാണ് സ്ഥിരപ്പെടുത്തുക. അതത് തദ്ദേശ സ്ഥാപനങ്ങളാണ് സോഫ്റ്റ്‌വേർ, ഹാർഡ്‌വേർ നെറ്റ്‌വർക്കിങ്‌ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ള ആളുകളെ നിയമിച്ചത്. 32,550 രൂപ കരാർ വേതനത്തിലായിരുന്നു നിയമനം.

കേരള ഗ്രാമപ്പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റ്‌ ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി, സിഐടിയു സംസ്ഥാന കമ്മിറ്റി മുഖേന തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിക്ക്‌ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശഭരണവകുപ്പ് ഇതിലേക്കുള്ള നീക്കം ആരംഭിച്ചത്. ടെക്നിക്കല്‍ അസിസ്റ്റന്റുമാരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ നല്‍കുന്നതിനായി തദ്ദേശഭരണവകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ ജില്ലാ ജോയിൻറ് ഡയറക്ടർമാർക്ക് കത്തുനല്‍കിയിട്ടുണ്ട്.

ഇൻഫർമേഷൻ കേരള മിഷൻ ജില്ലാ ടെക്നിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ എഴുത്തുപരീക്ഷ, അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവ നടത്തിയാണ് ഇവരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചതെന്നകാര്യം ഈ കത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. സ്ഥിരനിയമനത്തിന് സാധുത നല്‍കാൻ വേണ്ടിയാണ് ഈ വിവരം പറഞ്ഞിരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. പിഎസ്‌സി വഴി നിയമനം കാത്തുനില്‍ക്കുന്നവർക്ക് നിയമനനീക്കം തിരിച്ചടിയാകും.

Leave a Reply

Your email address will not be published. Required fields are marked *