രാജ്യത്തുടനീളം 6 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാനൊരുങ്ങി ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ

ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ 39-ാമത് സ്ഥാപക ദിനത്തിൻ്റെ ഭാഗമായി 120 കോടി രൂപയുടെ നിക്ഷേപത്തിൽ തുടങ്ങുന്ന പദ്ധതിയുടെ ആദ്യ സെന്റർ വയനാട്ടിൽ ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.

കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ സുപ്രധാന പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ. ആസ്റ്റർ ഡി എം ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 6 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കും.


ഗുഡലൂർ, ഗുഡൽപേട്ട് തുടങ്ങിയ പ്രദേശങ്ങളിലേയും, മലബാർ മേഖലയെ സാധാരണ ജനങ്ങൾക്കും ആശ്വാസമാകുന്നതിന് വേണ്ടി ആദ്യ കേന്ദ്രം വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലാണ് സ്ഥാപിക്കുന്നത്. ഡോ. മൂപ്പൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് 2026-ഓടെ ഈ സെന്റർ പ്രവർത്തനം ആരംഭിക്കും. രണ്ടാമത്തെ സെന്റർ ബെംഗളൂരുവിൽ തുടങ്ങാനാണ് പദ്ധതി. ലീനിയർ ആക്സിലറേറ്ററുകളും അനുബന്ധ സൗകര്യങ്ങളുമുൾപ്പെടെ പൂർണ്ണ സജ്ജീകരണങ്ങളോടുകൂടിയ ആധുനിക റേഡിയേഷൻ തെറാപ്പി സെന്ററുകളാണ് പദ്ധതിയുടെ ഭാഗമായി നിലവിൽ വരുന്നത്.


കാൻസർ ചികിത്സാചെലവുകൾ താങ്ങാൻ കഴിയാത്തവർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സ മുടങ്ങിപ്പോയവർക്കും ഉന്നത നിലവാരമുള്ള റേഡിയേഷൻ തെറാപ്പി സൗജന്യമായും കുറഞ്ഞ നിരക്കിലും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
ഇന്ത്യയിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കുൾപ്പെടെ, നൂതന കാൻസർ ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കുന്നതിലൂടെ, ചികിത്സാ രംഗത്തെ പ്രധാന വിടവുകൾ നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും, ജീവൻരക്ഷാ ഉപാധികൾ സമയബന്ധിതമായി രോഗികളുടെ അടുത്തെത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ ആഗോള സി.എസ്.ആർ. വിഭാഗമായ ‘ആസ്റ്റർ വോളന്റിയേഴ്‌സിന്റെ ഭാഗമായിരിക്കും ഈ സെന്ററുകളുടെ പ്രവർത്തനം.
ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നതും, സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് ചികിത്സ പാതിവഴിയിൽ നിർത്തേണ്ടി വരുന്ന രോഗികൾക്ക് ഈ പദ്ധതിയിലൂടെ ആശ്വാസം പകരാൻ കഴിയും .

Leave a Reply

Your email address will not be published. Required fields are marked *