പള്ളിക്കുന്നിലെ കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.
ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വയനാട് കേണിച്ചിറ സ്വദേശി ജില്‍സനാ ണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ജയിലിലായത്. കഴിഞ്ഞ ഏഴ് മാസമായി റിമാന്‍ഡിലാണ്.തിങ്കളാഴ്ച്ച രാത്രിയാണ് ജിന്‍സണ്‍ ആത്മഹത്യ ചെയ്തത്. ജയില്‍ അടുക്കളയില്‍ നിന്നുംകത്തി കൈക്കലാക്കുകയും രാത്രിയോടെ കഴുത്ത് അറുക്കുകയുമായിരുന്നു. രാവിലെ രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് സഹ തടവുകാര്‍ വിവരമറിയിക്കുകയും ജയില്‍ അധികൃതര്‍ എത്തുകയുമായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് ജീവനുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കടബാധ്യതയെ തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ ഇയാള്‍ നേരത്തെ, ഭാര്യയെ കൊലപ്പെടുത്തുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തത്. ജയിലില്‍ എത്തിയപ്പോഴും ആത്മഹത്യാ പ്രവണത കാണിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലിങ് അടക്കം നല്‍കിയിരുന്നു. തടവുകാരൻ്റെ മരണം ജയില്‍ അധികൃതരുടെ ഗുരുതര വീഴ്ച്ചയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കണ്ണൂർ ടൗണ്‍ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
