മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് ‘രണ്ട് ടേം’ വ്യവസ്ഥയില്‍ ഒളിയമ്പെയ്തും ആലപ്പുഴയിലെ പാർട്ടി നേതൃത്വത്തെ കടന്നാക്രമിച്ചും സിപിഎമ്മിലെ മുതിർന്ന നേതാവ് ജി.
സുധാകരൻ. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരൻ തന്റെ അമർഷം തുറന്നടിച്ചത്.
പാർട്ടിയിലെ ‘രണ്ട് ടേം’ നിബന്ധന എല്ലാവരും ഒരുപോലെ പാലിക്കുന്നില്ലെന്ന് സുധാകരൻ കുറ്റപ്പെടുത്തി. പാർട്ടി ആവശ്യപ്പെട്ടാല്‍ ഇനിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താൻ തയ്യാറാണെന്ന സൂചനയും അദ്ദേഹം നല്‍കി. ആലപ്പുഴ സിപിഎം നേതൃത്വത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുകയാണ്. തന്നെ മനഃപൂർവ്വം നേതൃനിരയില്‍ നിന്ന് മാറ്റിനിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോഴത്തെ മന്ത്രിമാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും തനിക്ക് അവഗണന നേരിടുന്നുണ്ട്. പെരുമ്ബളം പാലത്തിന്റെ വാർത്താ സമ്മേളനത്തില്‍ തന്റെ പേര് പരാമർശിച്ചില്ല. എ.എം ആരിഫും, ദലീമ ജോജോയും തന്റെ മുൻകാല പ്രവർത്തനങ്ങള്‍ മറന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈറ്റില പാലം പൊളിക്കണമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന തന്നോടോ പൊതുമരാമത്ത് മന്ത്രിയോടോ ആലോചിക്കാതെയാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്ന നിലപാടും സുധാകരൻ ആവർത്തിച്ചു.
