പലപ്പോഴും വിചിത്രമായ പെരുമാറ്റമായിരുന്നു എന്നും, പലരും കാണാനെത്താറുണ്ടായിരുന്നുവെന്നും ഭീകരസംഘവുമായി ബന്ധമുള്ളതിന് അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെക്കുറിച്ച് സഹപ്രവർത്തകർ.
കോളജിലെ അച്ചടക്കം പാലിക്കാൻ ഡോക്ടർ ഷഹീൻ തയാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളജില്‍ നിന്നു പുറത്തുപോകാറുണ്ട്. അവർക്കെതിരെ മാനേജ്മെന്റിന് പരാതി വരെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു കാര്യത്തില്‍ അവർ ഉള്‍പ്പെടുമെന്ന് ഒരിക്കലും കരുതിയില്ല എന്നും സഹപ്രവർത്തകർ പറയുന്നു.
ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്ത് ഉല്-മോമിനാത്തിന്റെ ഇന്ത്യയിലെ റിക്രൂട്ട്മെന്റുകള്‍ക്ക് ചുമതലപ്പെടുത്തിയിരുന്നത് ഡോക്ടർ ഷഹീനെയാണെന്നാണ് വിവരം. ലഖ്നൗ സ്വദേശിയായ ഡോക്ടർ ഷഹീൻ ഷാഹിദ ഫരീദാബാദിലെ അല്‍-ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഫരീദാബാദില്‍ വൻ തോതില്‍ സ്ഫോടക വസ്തു പിടികൂടിയതില്‍ അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലിന്റെ സഹപ്രവർത്തകയാണ് ഷഹീൻ.
ഡോക്ടർ ഷഹീനിന്റെ കാറില്‍ നിന്ന് പൊലീസ് തോക്കുകള്‍ പിടികൂടിയിരുന്നു. ഭീകരസംഘത്തിന്റെ പ്രവർത്തനങ്ങള്‍ക്കുവേണ്ടി 40-50 ലക്ഷം രൂപയോളം ഷഹീൻ സമാഹരിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സഫർ ഹയാത്ത് എന്നയാളെ ഡോക്ടർ ഷഹീൻ വിവാഹം കഴിച്ചുവെങ്കിലും, 2015 ല്‍ വിവാഹമോചനം നേടി. വിവാഹത്തിലൂടെ ഷഹീൻ ഷഹീദിന് മഹാരാഷ്ട്രയുമായി ഉണ്ടായിരുന്ന മുൻകാലബന്ധവും അന്വേഷിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ചാവേർ സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയും ഡോക്ടർ ഷഹീന്റെ സഹപ്രവർത്തകനും ഭീകരമൊഡ്യൂളിലെ സംഘാംഗവുമാണ്.
ഇന്ത്യയില്‍ ഒന്നിലധികം ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനെ കുറിച്ച് ഡോക്ടർ ഉമർ നബി പലപ്പോഴും സംസാരിച്ചിരുന്നതായി ഡോക്ടർ ഷഹീൻ ഷാഹിദ പൊലീസിനോട് പറഞ്ഞു. അല്‍-ഫലാഹ് മെഡിക്കല്‍ കോളജില്‍ ജോലി കഴിഞ്ഞ് കാണുമ്ബോഴെല്ലാം ഉമർ ഇക്കാര്യം സംസാരിച്ചിരുന്നു. ഫരീദാബാദ് ഭീകരസംഘത്തിലെ ഏറ്റവും തീവ്രനിലപാടുള്ള വ്യക്തിയായിരുന്നു ഉമർ നബിയെന്നും ഷഹീൻ പറഞ്ഞതായാണ് വിവരം. ഡോ. ഷഹീൻ ഷാഹിദിനു പുറമെ, അറസ്റ്റിലായ ഡോ. മുസമ്മില്‍ അഹമ്മദ് ഗനായി, ഡോ. അദീല്‍ മജീദ് റാഥർ എന്നിവരും ഫരീദാബാദ് ഭീകരസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
