കേരള സര്‍വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ സംസ്‌കൃത വിഭാഗം മോധാവി ഡോ.
സി എന്‍ വിജയകുമാരി ഹൈക്കോടതിയെ സമീപിച്ചു.
ദളിത് ഗവേഷക വിദ്യാര്‍ത്ഥി വിപിന്‍ വിജയനെ അപമാനിച്ചെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് നടപടിക്കെതിരെയാണ് ഡോ. സി എന്‍ വിജയകുമാരി ഹൈക്കോടതിയെ സമീപിച്ചത്. അക്കാദമിക് സത്യസന്ധത ഉയര്‍ത്തിപ്പിടിച്ചതിനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ഡോ. സി എന്‍ വിജയകുമാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് വിജയകുമാരിയുടെ ഹര്‍ജിയില്‍ സര്‍വകലാശാലയോടും പൊലീസിനോടും ഹൈക്കോടതി വിശദീകരണം തേടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സി എന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് കേസെടുത്തത്. ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയനാണ് ജാതി അധിക്ഷേപത്തിന്റെ പേരില്‍ പരാതി നല്‍കിയത്. ‘നിനക്ക് എന്തിനാണ് ഡോക്ടര്‍ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ’ എന്ന് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് നല്‍കുമോ എന്ന് ചോദിച്ച വിദ്യാര്‍ത്ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായി എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.
