നവകേരള ബസ്സിന് നേരെ ഷൂ ഏറ്; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്. മനഃപ്പൂര്‍വമാ നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണംവരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്‌ഐആറില്‍ പറയുന്നത്.

എറണാകുളം ഓടക്കാലിയില്‍വച്ച്‌ ഇന്നലെയാണ് ബസ്സിനു നേരെ കറുത്ത ഷൂ എറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നാല് കെഎസ്‌യു പ്രവര്‍ത്തകരെ കുറുപ്പംപടി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷൂ എറിഞ്ഞവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഏറിനൊക്കെ പോയാല്‍ അതിന്റേതായ നടപടികള്‍ തുടരും. അന്നേരം വിലപിച്ചിട്ട് കാര്യമില്ല എന്നാണ് കോതമംഗലത്ത് നടന്ന നവകേരള സദസില്‍ മുഖ്യമന്ത്രി പറഞ്ഞത്.

പെരുമ്ബാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്ബോഴാണ് ഷൂ ഏറ് ഉണ്ടായത്. ഓടക്കാലിയില്‍ വച്ച്‌ രണ്ടുമൂന്ന് തവണയാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അതിനിടെ നവകേരള സദസിനെതിരായ പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. കരിങ്കൊടി കൊണ്ട് പ്രതിഷേധിച്ചവരെ കയ്യൂക്ക് കൊണ്ട് നേരിട്ട ഡിവൈഎഫ്‌ഐക്കും കേരളാ പൊലീസിനും എതിരെയുളള പ്രതികരണം കൂടിയാണ് എറണാകുളം ജില്ലയിലെ പ്രതിഷേധമെന്നും അലോഷ്യസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *