സാമൂഹിക മാധ്യമ പ്രചാരണത്തില്‍ കേരളത്തില്‍ കാര്യമായ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം

സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തില്‍ കേരളം ഏറെ പിന്നിലാണെന്ന് നേരത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി രാധാ മോഹന്‍ദാസ് അഗര്‍വാള്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.

അതുകൊണ്ട് തന്നെ കൂടുതല്‍ പ്രൊഫഷണലായ സംഘത്തെ ചുമതലയേല്‍പിച്ചേക്കും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ട്വിറ്ററില്‍ ഏറ്റവും കുറവ് ഫോളോവേഴ്‌സ് ബിജെപി കേരളം ടിറ്റര്‍ അക്കൗണ്ടിനാണ്. ഫേസ്ബുക്കില്‍ തെലങ്കാനയുടെയും കേരളത്തിന്റെയും അക്കൗണ്ടുകള്‍ മാത്രമാണ് ഒരു മില്യണില്‍ താഴെയുള്ളത്. പാര്‍ട്ടിക്കെതിരായ ആക്രമണങ്ങളെ ചെറുക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.

ബിജെപിയുടെ ദേശീയ ഐടി സെല്ലിന്റെ ചുമതല കൂടിയുള്ള രാധാ മോഹന്‍ദാസ് അഗര്‍വാള്‍ ഇത് സംബന്ധിച്ച്‌ ദേശീയ നേതൃത്ത്വത്തിന് നല്‍കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നടപടിക്കൊരുങ്ങുന്നത്. കൂടുതല്‍ പ്രൊഫഷണലായ സംഘത്തെ ചുമതലയേല്‍പിക്കാനും, ടാര്‍ഗറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും നേതൃത്ത്വം നിര്‍ദേശിച്ചേക്കും.

കേരളത്തില്‍ വര്‍ഷത്തില്‍ നൂറുകണക്കിന് യോഗങ്ങളില്‍ പങ്കെടുക്കുന്ന ഞാന്‍ തമിഴ്‌നാട്ടില്‍ ഒറ്റത്തവണ പോയപ്പോള്‍ തമിഴ്‌നാട് ബിജെപിയുടെ പ്രവര്‍ത്തനങ്ങളിലും സമൂഹമാധ്യമ പ്രചാരണത്തിലും വ്യത്യസ്തതയുടെ ഒരു ലോകം കണ്ടെന്നായിരുന്നു അഗര്‍വാളിന്റെ ട്വീറ്റ്. മലയാളത്തിലും തമിഴിലുമുള്ള ട്വീറ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തു.

പിന്നാലെയാണ് കേരളത്തില്‍ സമൂഹമാധ്യമ പ്രചാരണത്തിന്റെ ചുമതലകളില്‍ കാര്യമായ അഴിച്ചുപണിക്ക് ദേശീയ നേതൃത്ത്വം ഒരുങ്ങുന്നുവെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. കേരളത്തില്‍ സംഘടന സമൂഹമാധ്യമ പ്രചാരണത്തില്‍ കാര്യമായി പിന്നോട്ട് പോയെന്നാണ് വിലയിരുത്തല്‍. അതേസമയം അഗര്‍വാളിന്റെ പരസ്യ പ്രസ്താവനയില്‍ കേരള ഘടകം കടുത്ത അമര്‍ഷത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *