അദാനിക്കും അംബാനിക്കും ഗുണം ചെയ്യാൻ പറയുന്ന ദൈവമാണ് മോദിയുടേത്

അദാനിക്കും അംബാനിക്കും ഗുണം ചെയ്യാൻ പറയുന്ന ദൈവമാണ് മോദിയുടേതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

തന്റെ ദൈവം ജനങ്ങളാണെന്നും രാഹുല്‍ പറഞ്ഞു. വയനാട് കല്‍പ്പറ്റിയില്‍ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളും ഇ.ഡി.യും സി.ബി.ഐയുമെല്ലാം ഇന്ത്യ മുന്നണിക്ക് എതിരായിരുന്നു. തിരഞ്ഞെടുപ്പ് തീരുമാനിച്ചത് പോലും പ്രധാനമന്ത്രിയുടെ സൗകര്യാർഥമായിരുന്നു. അവസാന ദിവസങ്ങളില്‍ ആരും പ്രചരണം നടത്തരുതെന്ന് പറഞ്ഞ് അദ്ദേഹം ധ്യാനത്തിന് പോയി. മുഴുവൻ മാധ്യമങ്ങളും അവിടെയുണ്ടായിരുന്നു. എന്നിട്ടും കഷ്ടിച്ചാണ് വാരാണസിയില്‍ രക്ഷപ്പെട്ടത്. ഇന്ത്യ എന്ന ആശയത്തെ അക്രമിച്ചത് കൊണ്ടാണ് ഇത്രയും വലിയ പരാജയം നേരിടേണ്ടി വന്നത്. മറ്റുള്ള വരെ ബഹുമാനിക്കുന്നതിന്റെ അടയാളമാണ് ഇന്ത്യൻ ഭരണ ഘടന.

പത്ത് വർഷത്തിനിടെ ഒരു പത്രസമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രി അദ്ദേഹവുമായി സൗഹൃദമുള്ള രണ്ട് മൂന്ന് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി. മാങ്ങയെങ്ങനെ കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വരെ ചോദ്യങ്ങള്‍ ഉണ്ടായി. ഈ നാടകത്തിനിടയ്ക്ക് ഒരു പത്രപ്രവർത്തകൻ ചോദിച്ചത് പ്രധാനമന്ത്രി എങ്ങിനെയാണ് പ്രയാസമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതെന്നായിരുന്നു. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ദൈവം പറയുന്നത് ചെയ്യും എന്നായിരുന്നു. അദാനിക്കും അംബാനിക്കും ഗുണം ചെയ്യാൻ പറയുന്ന ദൈവമാണ് മോദിയുടേത്. ദരിദ്രരെ പിന്തുണക്കണമെന്ന് കരുതുന്ന ദൈവം അല്ല. എനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. നിങ്ങള്‍ ഓരോരുത്തരമാണ് എൻ്റെ ദൈവം. നിങ്ങളുടെ ശബ്ദമാണ് ദൈവം രാഹുല്‍ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *