മൂന്നാറില്‍ മുംബയ് സ്വദേശിനിയ്ക്ക് ഉണ്ടായ ദുരനുഭവം വളരെ ദൗർഭാഗ്യകരമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
വലിയ പ്രതീക്ഷയോടെയാണ് അവർ മുംബയില്‍ നിന്ന് കേരളത്തിലെത്തിയതെന്നും ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ ടൂറിസ്റ്റ് കേന്ദ്രം കേരളമാണെന്നും മന്ത്രി പറഞ്ഞു. കാസർകോട് നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.
‘മൂന്നാറില്‍ നടന്നത് നെഗറ്റീവ് സംഭവമാണ്. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കുറവ് വരരുത്. ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളം. അവിടെ ഇങ്ങനെയൊരു അനുഭവം ഇതര സംസ്ഥാനത്ത് നിന്ന് വന്ന ടൂറിസ്റ്റിന് ഉണ്ടാകാൻ പാടില്ലായിരുന്നു. മറ്റ് വകുപ്പ് മന്ത്രിമാരുമായും ടാക്സി സംഘടനകളുമായും വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്’- മന്ത്രി വ്യക്തമാക്കി.
മൂന്നാർ സന്ദർശനത്തിനിടെ ഓണ്‍ലൈൻ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോള്‍ ടാക്‌സി ഡ്രൈവർമാരില്‍ നിന്നും പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവം ജാൻവി എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മുംബയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് യുവതി. ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്‌സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമായിരുന്നു ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. എന്നാല്‍ ഇതിനിടെ മൂന്നാറില്‍ ഓണ്‍ലൈൻ ടാക്‌സിക്ക് നിരോധനമുണ്ടെന്നും ഇതുസംബന്ധിച്ച് കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരുസംഘം തടഞ്ഞു.
പ്രദേശത്തെ ടാക്‌സിയില്‍ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ എന്നായിരുന്നു ഇവരുടെ നിലപാട്. തുടർന്ന് യുവതി പൊലീസിന്റെ സഹായം തേടി. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാടാണ് സ്വീകരിച്ചതെന്ന് യുവതി വീഡിയോയില്‍ പറഞ്ഞു. ഇതോടെ മറ്റൊരു ടാക്‌സിയില്‍ യാത്ര ചെയ്യേണ്ടി വന്നുവെന്നും സന്ദർശനം അവസാനിപ്പിച്ച് മടങ്ങിയെന്നും ജാൻവി വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മൂന്നാർ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സാജു പൗലോസ്, ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി. കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്.
