ലൈംഗിക പീഡന പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളം വിട്ടതായി സൂചന.
പാലക്കാട് എംഎല്‍എ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയിട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരം മുതല്‍ രാഹുലിനെ കാണാനില്ലായിരുന്നു. രാഹുലിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. അതിജീവിത മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കിയതിനു പിന്നാലെ രാഹുല്‍ മുങ്ങിയത്.
രാഹുലിന്റെ സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. കോയമ്ബത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. അതിജീവിതയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പോലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പോലീസിനു കേസ് കൈമാറി.
ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നല്‍കിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.
