പഴയ പോസ്റ്റ് മറന്നോ ; കൊച്ചി മെട്രോ സര്‍വീസ് തൃശൂരുമായി ബന്ധിപ്പിക്കല്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ സുരേഷ്‌ഗോപിയെ ട്രോളി സോഷ്യല്‍മീഡിയ

കൊച്ചി മെട്രോ സര്‍വീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു.

അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്ബത്തൂരിലേക്ക് പോകണമെന്നാണ് താന്‍ പറഞ്ഞതെന്നും മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നുമായിരുന്നു സുരേഷ് ഗോപി ഇന്ന് പറഞ്ഞത്. എന്നാല്‍ കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സുരേഷ് ഗോപി തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

2019-ലെ ഫേസ്ബുക്ക് പോസ്റ്റ്

‘ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂര്‍-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്’, എന്ന കുറിപ്പോടെയായിരുന്നു സുരേഷ് ഗോപിയുടെ പോസ്റ്റ്. 2019 ഏപ്രില്‍ 10-നാണ് പോസ്റ്റിട്ടിട്ടുള്ളത്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവന പുറത്തുവന്നതോടെയാണ് പോസ്റ്റ് കുത്തിപ്പൊക്കിയത്.

‘ഉള്ള കാര്യം പറയാം ഞങ്ങളുടെ തമ്ബുരാന്‍ ചെറുതായ് മറന്നു പോയതാ’, എന്നാണ് ഒരാളുടെ പരിഹാസം. ‘പറഞ്ഞില്ലല്ലോ എഴുതിയതല്ലേ’, എന്നതായിരുന്നു മറ്റൊരാളുടെ കമന്റ്. ‘അണ്ണാ പോസ്റ്റ് മുക്കിയിട്ട് വേണം ഡയലോഗ് അടിക്കാന്‍’ എന്നും പലരും ഓര്‍മിപ്പിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *