പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം ; ജി സുധാകരന്‍ ദീപശിഖ കൈമാറും

പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. രാവിലെ ഏഴരയ്ക്ക് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ ദീപശിഖ കൈമാറും.

വിഎസ് അച്യുതാനന്ദനാണ് 2019 വരെ ദീപശിഖ തെളിച്ച്‌ കൈമാറിയിരുന്നത്. അതിനു ശേഷം ജി സുധാകരനാണ് ദീപശിഖ കൈമാറുന്നത്.

സൈബര്‍ അധിക്ഷേപങ്ങളില്‍ നടപടിയെടുക്കാത്തതില്‍ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തോട് അതൃപ്തി ഉണ്ടെങ്കിലും സുധാകരന്‍ വലിയ ചുടുകാട്ടില്‍ ചടങ്ങിനെത്തും. വലിയ ചുടുകാട്ടില്‍ നിന്ന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് ദീപശിഖ പ്രയാണം. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം 11ന് ദീപശിഖ വയലാറിലെത്തും. തുടര്‍ന്ന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പുന്നപ്ര – വയലാര്‍ സമരസേനാനികളുടെ വിവരങ്ങളടങ്ങിയ ‘പുന്നപ്ര വയലാര്‍ സമരസേനാനികള്‍ ഡയറക്ടറി’യും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം, സിപിഐ മന്ത്രിമാരും നേതാക്കളും പങ്കെടുക്കും. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും സംയുക്തമായാണ് പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *