രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി കുംഭകോണ പരാതിയില്‍ സമഗ്രമായ അന്വേഷണം വേണം ; എഐവൈഎഫ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി കുംഭകോണ പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്.

സംസ്ഥാന എക്സിക്യൂട്ടീവാണ് ആവശ്യം ഉന്നയിച്ചത്. 175 ഏക്കര്‍ കൃഷിഭൂമി മറിച്ചുവിറ്റുവെന്ന പരാതി അത്യന്തം ഗൗരവമേറിയതാണെന്നും ഭൂമി കുംഭകോണത്തെ സംബന്ധിച്ച്‌ ബിജെപി കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

കര്‍ഷകരില്‍ നിന്ന് വ്യാവസായിക ആവശ്യത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ മൂന്നുവര്‍ഷത്തിനകം വ്യവസായം തുടങ്ങിയില്ലെങ്കില്‍ പ്രസ്തുത ഭൂമി സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണമെന്ന നിയമത്തെ അട്ടിമറിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഭൂമി മറിച്ചുവിറ്റതെന്നും ഭരണ സ്വാധീനം ഉപയോഗിച്ച്‌ ഭൂമി കുംഭകോണം നടത്തിയ രാജീവിന്റെ ഇടപാടുകള്‍ പരിശോധിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

‘വ്യാവസായിക ആവശ്യത്തിനായി കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ച ഭൂമി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ 500 കോടിക്ക് മറിച്ചുവിറ്റ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണം. ബാംഗ്ലൂരിലെ നെലമംഗലയിലെ ദൊബ്ബാസ്പേട്ടില്‍ ബിപിഎള്‍ ഇന്ത്യ ലിമിറ്റഡിന് കളര്‍ ടെലിവിഷന്‍, ട്യൂബ്, ബാറ്ററി നിര്‍മാണ യൂണിറ്റിനായി കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ് അനുവദിച്ച 175 ഏക്കര്‍ കൃഷിഭൂമി മറിച്ചുവിറ്റെന്ന പരാതി അത്യന്തം ഗൗരവമേറിയതാണ്. 1991 ല്‍ ഏക്കറിന് 1.1 ലക്ഷത്തിനാണ് കര്‍ഷകരില്‍ നിന്ന് കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ് ഭൂമി ഏറ്റെടുത്തത്. 1995-ല്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഭൂമി 1996-ല്‍ പാട്ടക്കരാര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സ്ഥലത്ത് വ്യാവസായികമായി ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല എന്നാണ് വസ്തുത’: എഐവൈഎഫ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *