ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ അഞ്ച് കോടിയുടെ നാശനഷ്ടം; 361 പേര്‍ക്കെതിരെ കേസ്

താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിലുണ്ടായ സംഘർഷത്തില്‍ പൊലീസ് 361 പേർക്കെതിരെ കേസെടുത്തു.

മൂന്ന് എഫ്‌ഐആറുകളിലായാണ് കേസെടുത്തിട്ടുള്ളത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് കേസില്‍ ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

സംഘർഷത്തിന് പുറമെ, പ്ലാന്റിന് തീയിട്ട് കണ്ടെയ്‌നർ ലോറി കത്തിച്ചുനശിപ്പിച്ച സംഭവത്തില്‍ 30 പേർക്കെതിരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് അക്രമം നടന്നതെന്നും മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. പ്ലാന്റും വാഹനങ്ങളും കത്തിനശിച്ചതിലൂടെ ഫ്രഷ് കട്ടിന് ഏകദേശം അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

കൂടാതെ, മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച തിരുവമ്ബാടി സ്റ്റേഷനിലെ ഒരു എഎസ്‌ഐയെ മർദിച്ചതിനും മൊബൈല്‍ കവർച്ച ചെയ്തതിനും പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച്‌ നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് ഇന്നലെ വൈകീട്ട് കട്ടിപ്പാറയിലെ പ്ലാന്റിന് മുന്നില്‍ സംഘർഷത്തില്‍ കലാശിച്ചത്. സമരക്കാർ പ്ലാന്റിന് തീവെക്കുകയും മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കല്ലേറില്‍ 16 പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പ്ലാന്റിന് മുന്നില്‍ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പ്രതികരിച്ചു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി നിർത്തിയാണ് ആക്രമണം നടത്തിയത്. ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാൻ വന്ന ഫയർഫോഴ്‌സ് എൻജിനുകള്‍ പോലും തടഞ്ഞുവെച്ചെന്നും മനുഷ്യത്വരഹിതമായ നടപടിയാണ് ചിലരില്‍നിന്നുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമത്തിന് പിന്നില്‍ പ്രവർത്തിച്ച തല്‍പരകക്ഷികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും ഡിഐജി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *