ശബരിമല സ്വര്‍ണക്കൊള്ള : അന്വേഷണം ഹൈദരാബാദിലേക്ക്

ശബരിമലയിലെ സ്വർണക്കൊള്ളക്കേസ് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചു. കേസിലെ സ്പോണ്‍സറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഹൈദരാബാദില്‍ സ്വർണപ്പണി സ്ഥാപനം നടത്തുന്നയാളുമായ നാഗേഷിലേക്കാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്.

നാഗേഷിന്റെ സഹായത്തോടെയാണ് പോറ്റി സ്വർണം മോഷ്ടിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘം സംശയിക്കുന്നത്.

ബെംഗളൂരുവില്‍ നിന്ന് സ്വർണ്ണപ്പാളികള്‍ കൊണ്ടുപോയത് നാഗേഷിന്റെ സ്ഥാപനത്തിലേക്കാണ്. ഏകദേശം ഒരു മാസത്തോളം നാഗേഷാണ് സ്വർണ്ണം കൈവശം വെച്ചത്. ഈ സ്വർണ്ണം പിന്നീട് സ്മാർട്ട് ക്രിയേഷൻസില്‍ എത്തിച്ചതും ഇയാളാണ്. ഈ സാഹചര്യത്തില്‍ നാഗേഷിനെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതിനിടെ, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) തലവൻ എഡിജിപി എച്ച്‌. വെങ്കടേഷ് ശബരിമല സന്ദർശിക്കും. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും സന്നിധാനത്തുള്ള എസ്.ഐ.ടി. അംഗങ്ങളെ കാണുന്നതിനും ശേഖരിച്ച രേഖകള്‍ പരിശോധിക്കുന്നതിനുമായാണ് സന്ദർശനം. ഇന്നോ നാളെയോ ആയിരിക്കും അദ്ദേഹം ശബരിമലയില്‍ എത്തുക. കൂടാതെ, രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും അദ്ദേഹം വിലയിരുത്തും.

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെയും വാതില്‍പടിയിലെയും സ്വർണം മോഷണം പോയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രണ്ട് വ്യത്യസ്ത എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരു കേസുകളിലെയും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി തന്നെയാണ്. ദ്വാരപാലക ശില്‍പ്പത്തിലെ സ്വർണം കടത്തിയ കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറമെ ഒൻപത് ദേവസ്വം ജീവനക്കാരെയും പ്രതി ചേർത്തിട്ടുണ്ട്. ഈ പ്രതികള്‍ക്കെതിരെ കവർച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിനുപുറമെ, വാതില്‍പടിയിലെ സ്വർണമോഷണക്കേസില്‍ ദേവസ്വം ബോർഡിനെ അടക്കം പ്രതിചേർത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉദ്യോഗസ്ഥരിലേക്കും ദേവസ്വം ഭരണസമിതിയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *