ഓണാഘോഷത്തിനായി കോളേജിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ അപകടത്തില്‍ കോളേജ് അദ്ധ്യാപിക മരിച്ചത് അജ്ഞാത വാഹനമിടിച്ചല്ലെന്ന നിഗമനത്തില്‍ പൊലീസ്.ചക്കാന്തറ കൈകുത്തി പറമ്ബ് ഗേസ് കേ കോളനിയില്‍ വിപിന്റെ ഭാര്യയും കോയമ്ബത്തൂർ എ.ജെ.കെ കോളേജിലെ എച്ച്.ഒ.ഡിയുമായ ആൻസി(36) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സർവീസ് റോഡില്‍ അപകടം നടന്നത്. ഒരു യുവതി പരുക്കേറ്റ് റോഡില്‍ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വാളയാർ പൊലിസും നാട്ടുകാരും ചേർന്ന് ആൻസിയെ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ ആൻസിയുടെ വലതു കൈ മുട്ടിന് താഴെ അറ്റുപോയിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം, വിദഗ്ധ ചികിത്സയ്ക്കായി കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആൻസി മരണപ്പെട്ടു.സിസിടിവി പരിശോധനയില്‍ സ്കൂട്ടറിനുപിന്നില്‍ മറ്റ് വാഹനങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. നിയന്ത്രണം തെറ്റിയ സ്കൂട്ടർ ഡിവൈഡറിലും സുരക്ഷാ കവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്ബുകമ്ബിയിലും ഇടിച്ചുകയറി സർവീസ് റോഡിലേക്ക് തെറിച്ചുവീണായിരുന്നു അപകടം എന്ന് പ്രാഥമിക പരിശോധയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്.