സിപിഎമ്മിനുള്ളതായി എം സി ജോസഫൈൻ പറഞ്ഞ സ്വന്തം പോലീസും കോടതിയും ഉണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ കോൺഗ്രസിന് ഇത്രയേറെ വിയർക്കേണ്ടി വരില്ലായിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ തലമുറമാറ്റം നടപ്പിലാക്കിയപ്പോൾ അതു കൂടി ഏർപ്പെടുത്തേണ്ടതായിരുന്നു. വാർത്താ ലേഖകരുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ കഴിയാതെ സൈക്കിളിൽ നിന്നു വീണ ചിരിയുമായി പോലീസ് സഹായത്തോടെ ഔദ്യോഗിക വാഹനത്തിൽ കയറി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രക്ഷപ്പെടുന്ന കാഴ്‌ച ഇന്നു കാണാനിടയായി. രാഷ്ട്രീയമായ ഒരശ്ലീലമാണ് അതെങ്കിലും അദ്ദേഹം നേരിടുന്ന ഗതികേടിന്റെ ആഴമാണ് അതിൽ കണ്ടത്.
പി കെ ശ്രീമതി ടീച്ചറും സിപിഎമ്മിന്റെ സൈബർ ഗ്രൂപ്പുകളും ഗ്രഹണി ബാധിച്ച കുട്ടിക്ക് ചക്കക്കൂട്ടാൻ കിട്ടിയ ആക്രാന്തമാണ് രാഹുൽ വിഷയത്തിൽ ആരംഭം മുതൽ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. രാഹുൽ പൊതുപ്രവർത്തന രംഗത്തു തുടരേണ്ട ആളല്ലെന്നു ഉറപ്പിച്ചു പറയുമ്പോഴും ശ്രീമതി ടീച്ചർ അടക്കം സിപിഎം നേതാക്കൾ സ്ത്രീ സംബന്ധമായ വിവാദങ്ങളിൽ കാണിക്കുന്ന ഇരട്ടത്താപ്പ് തുറന്നു കാണിക്കാതെ വയ്യ.
കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ്, സിപിഎം, ലീഗ്, കേരളാ കോൺഗ്രസ് തുടങ്ങി ഒട്ടു മിക്ക പാർട്ടികളുടെയും നേതാക്കന്മാർ ലൈംഗികാതിക്രമ ആരോപണങ്ങളിൽ പെട്ടിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ ആദ്യത്തെ സ്ത്രീവിഷയ ആരോപണം 1957 ലെ പ്രഥമ ഇ എം എസ് മന്ത്രിസഭയുടെ കാലത്തു പ്രതിപക്ഷ നേതാവും ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ട ശേഷം തുടർന്നു വന്ന പട്ടം താണുപിള്ളയുടെയും ആർ ശങ്കറിന്റെയും മന്ത്രിസഭകളിൽ ആഭ്യന്തര – റവന്യു മന്ത്രിയുമായിരുന്ന പി ടി ചാക്കോക്കെതിരെയായിരുന്നു.. ഇന്നാലോചിക്കുമ്പോൾ അങ്ങേയറ്റം നിസ്സാരമായ ഒന്നാണ് ചാക്കോക്കെതിരെ ഉയർന്ന ആരോപണം. . . 1963 ഡിസംബർ 8 നു തൃശൂരിനടുത്തു ചാക്കോ സഞ്ചരിച്ച കാർ ഒരു ഉന്തുവണ്ടിക്കാരനെ ഇടിച്ചു ഓടയിൽ വീഴ്ത്തി. വണ്ടി നിർത്താതെ ഓടിച്ചു പോയി. കാർ ഓടിച്ചത് മന്ത്രി ചാക്കോ ആയിരുന്നെന്നും കറുത്ത കണ്ണട വെച്ച ഒരു സ്ത്രീ കാറിൽ ഉണ്ടായിരുന്നെന്നും പിന്നീട് തെളിഞ്ഞു. . പാർട്ടി നേതാവായ ഒരാളാണ് തന്റെ കൂടെ ഉണ്ടായിരുന്നതെന്ന് ചാക്കോ പറഞ്ഞെങ്കിലും ആരും അത് മുഖവിലക്കെടുത്തില്ല. പ്രതിപക്ഷം ഇതു വിഷയമാക്കിയപ്പോൾ മുഖ്യമന്ത്രി ആർ ശങ്കർ ചാക്കോയുടെ രാജി ചോദിച്ചു വാങ്ങി. 1964 ഫെബ്രുവരി 20 നു ചാക്കോ രാജിവെച്ചു .തുടർന്നു കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു. വൈകാതെ അദ്ദേഹത്തിന്റെ മരണവും സംഭവിച്ചു. കോൺഗ്രസ് പിളർത്തി കേരളാ കോൺഗ്രസ് രൂപീകരിക്കാൻ ഇടയാക്കിയത് ഈ സംഭവമായിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ സെക്സ് സ്കാൻഡലുകളിൽ ഒന്നു തൊണ്ണൂറുകളുടെ ആദ്യം കോഴിക്കോട്ടുയർന്ന ഐസ്ക്രീം പാർലർ പെൺവാണിഭം ആയിരുന്നു. പെൺവാണിഭം എന്നു ആലങ്കാരികമായി പറയാമെങ്കിലും പച്ചയായ വ്യഭിചാരം ആയിരുന്നു അത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ചുയർന്ന ഈ ആരോപണം അദ്ദേഹത്തിന് രാഷ്ട്രീയമായും സാമ്പത്തികമായും അക്കാലത്തു കുറേ നഷ്ടങ്ങൾ ഉണ്ടാക്കിയെങ്കിലും പ്രതിസന്ധികളെ അദ്ദേഹം അതിജീവിച്ചു. അതിനു കാരണം സ്വന്തം പാർട്ടിയിൽ നിന്ന് ലഭിച്ച പിന്തുണ മാത്രമായിരുന്നില്ല, സിപിഎമ്മിൽ നിന്നു കിട്ടിയ കലവറയില്ലാത്ത സഹായം കൂടിയായിരുന്നു. നായനാർ ഭരണകാലത്താണ് ഐസ്ക്രീം കേസ് ഉയർന്നു വന്നത്. വി എസ് അച്യുതാനന്ദൻ ഈ കേസ് സുപ്രിം കോടതി വരെ എത്തിച്ചെങ്കിലും പാർട്ടി പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ല. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഐസ്ക്രീം കേസിൽ നിയമ നടപടി തുടങ്ങിയ അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ സ്ത്രീപീഡകരെ അഴിയെണ്ണിക്കുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സിപിഎമ്മിന്റെ ജനാധിപത്യ മഹിളാ അസോസിയേഷൻ ആദ്യം സമര രംഗത്തുണ്ടായിരുന്നെങ്കിലും ഒരു ഘട്ടത്തിലെത്തിയപ്പോൾ അവർ സമരം അവസാനിപ്പിച്ചു .. അതിജീവിത, ഇര എന്നൊക്കെ മാധ്യമങ്ങൾ വിശേഷിപ്പിച്ച ഏതാനും പെൺകുട്ടികൾക്കും കുറേ പോലീസ് ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും കൈനിറയെ പണവും സുഖസൗകര്യങ്ങളും കിട്ടിയെന്നതാണ് ഐസ്ക്രീം കേസിന്റെ ബാക്കിപത്രം. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലയിലെ പ്രമുഖ നേതാവായിരുന്ന ടി പി ദാസൻ , തീർത്തും നിരപരാധി ആയിരുന്നിട്ടും അദ്ദേഹത്തിന്റെ അറസ്റ്റിലും രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴാനും ഈ കേസ് കാരണമായി എന്നതാണ് തീർത്തും ദൗർഭാഗ്യകരമായ ഒന്ന്.
ഉമ്മൻചാണ്ടിയെ ലക്‌ഷ്യം വെച്ചു സരിത എസ് നായർ പൊട്ടിച്ച സോളാർ സെക്സ് ബോംബ് കേരളത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു. . ഐസ്ക്രീം കേസിൽ സിപിഎം സ്വീകരിച്ച നിലപാടിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒന്നായിരുന്നു സോളാർ കേസിൽ പാർട്ടിയുടെ സമീപനം. കോൺഗ്രസിന്റെയും കേരളാ കോൺഗ്രസിന്റെയും നേതാക്കൾ ഇതിൽ പ്രതികളായി . ജസ്റ്റിസ് ശിവരാജനെ സോളാർ കമ്മീഷനായി വെച്ചത്, ഉമ്മൻചാണ്ടി വിദേശത്തായിരുന്നപ്പോൾ അദ്ദ്ദേഹത്തിന്റെ വിശ്വസ്തനായ പേഴ്‌സണൽ സ്റ്റാഫ് അറസ്റ്റ് ചെയ്യപ്പെട്ടത് എന്നു തുടങ്ങി പാളിച്ചകളുടെയും പാരകളുടെയും നിരവധി അധ്യായങ്ങൾ സോളാറിനു പിന്നിലുണ്ടായിട്ടുണ്ട്. ഉമ്മൻചാണ്ടിക്കൊപ്പം ഉണ്ടായിരുന്നവരിൽ നിന്നു തന്നെ അദ്ദേഹത്തിനു ചതി സംഭവിച്ചു. കോൺഗ്രസിനും യു ഡി എഫിനും രാഷ്ട്രീയമായി വലിയ നഷ്ടവും സിപിഎമ്മിന് വലിയ നേട്ടവും ഉണ്ടാക്കിക്കൊടുത്ത ഒന്നാണ് സോളാർ കേസ്. തെളിവില്ല എന്ന പേരിൽ അന്വേഷണ ഏജൻസി എഴുതിത്തള്ളിയ കേസാണെങ്കിലും സോളാർ വിവാദത്തിലെ ആരോപണ വിധേയർ നിരപരാധികളാണെന്ന് വിശ്വസിക്കുക പ്രയാസമാണ്.
സ്വന്തം പാർട്ടിയിലെ വനിതാ സഖാക്കൾക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്നതായിരുന്നു സിപിഎമ്മിലെ രണ്ടു ശശിമാർക്കെതിരെ ഉയർന്ന ആരോപണം. പി ശശിക്കെതിരെ പരാതി കൊടുത്തത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകളായിരുന്നു. പാർട്ടി അതിന്മേൽ അന്വേഷണം നടത്തി ശശിയെ ആറു കൊല്ലത്തേക്ക് പുറത്താക്കി. കാലാവധി കഴിഞ്ഞ ഉടനെ തിരിച്ചെടുത്തു സംസ്ഥാന കമ്മിറ്റി അംഗം ആക്കിയെന്നു മാത്രമല്ല, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമാക്കി. പരാതി കൊടുത്ത വനിതാ സഖാവിന്റെ പിതാവ് ഏറെ വൈകാതെ സംസ്ഥാന കമ്മിറ്റിയിൽ നിന്നു തരം താഴ്ത്തപ്പെട്ടു ബ്രാഞ്ച് കമ്മിറ്റിയിൽ എത്തി.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരിക്കെ ഗോപി കോട്ടമുറിക്കലിനെതിരെ ലൈംഗികാരോപണ പരാതിയിൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കി. കാലാവധി കഴിഞ്ഞപ്പോൾ തിരിച്ചെടുത്തു കേരളാ ബാങ്കിന്റെ ചെയർമാനാക്കി . പാലക്കാട്ടെ പി കെ ശശിക്കെതിരെ വനിതാ സഖാവ് കൊടുത്ത പരാതിയിൽ അന്വേഷണം നടത്തിയ എ കെ ബാലനും പി കെ ശ്രീമതിയും ന്യായയുക്തമായ നിലപാടല്ല എടുത്തതെന്ന പരാതി ഉയർന്നിരുന്നു. ശശിക്കെതിരെ പാർട്ടി നടപടികൾ ഉണ്ടാവുകയും പാലക്കാട്ടെ സിപിഎമ്മിന് അദ്ദേഹം തീർത്തും അനഭിമതനായി മാറുകയും ചെയ്‌തെങ്കിലും കെ ടി ഡി സിയുടെ ചെയർമാനായി ശശി ഇപ്പോഴും തുടരുകയാണ്.
തോമസ് ഐസക്കിനും ശ്രീരാമകൃഷ്ണനും എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആക്ഷേപങ്ങൾക്കു ഇരുവരും കൃത്യമായ മറുപടി നൽകിയിട്ടില്ല. വെളുപ്പാൻകാലത്തു റെയിൻ കോട്ട് ഇട്ടു വരണമെന്ന കടകംപള്ളി സുരേന്ദ്രന്റെ സംഭാഷണം യൂട്യൂബിൽ ഇപ്പോഴും തരംഗമാണ്. ഗാർഹിക പീഡനം അടക്കം ആരോപണങ്ങൾ ഉണ്ടായിട്ടും പിണറായി മന്ത്രിസഭയിൽ ഗണേഷ് കുമാറിന് പ്രവേശിക്കാൻ ഒരു തടസ്സവും ഉണ്ടായില്ല. നടൻ മുകേഷിന് എതിരെ ഒന്നിലേറെ സ്ത്രീപീഡന പരാതികളും ബലാൽസംഗ കേസും ഉണ്ടെങ്കിലും മുകേഷ് ശിക്ഷിക്കപ്പെട്ടാലേ രാജി വെക്കേണ്ടതുള്ളൂ എന്ന നിലപാടാണ് ഗോവിന്ദൻ മാസ്റ്റർക്കും പി കെ ശ്രീമതി ടീച്ചർക്കും ഉള്ളത്. .
സ്ത്രീപീഡന കേസിൽ പ്രതികളായ കോൺഗ്രസിന്റെ എൽദോസ് കുന്നപ്പള്ളിയും വിൻസന്റും നിയമസഭാംഗങ്ങളായി തുടരുകയാണ്.
ഇവരിൽ വിൻസന്റ് ജയിലിൽ കിടന്നിട്ടുണ്ട്..
സോളാർ കേസിൽ ആരോപണവിധേയരായ കോൺഗ്രസ് നേതാക്കൾക്ക് പാർട്ടിയിൽ ഉയർന്ന പദവികൾക്കു ഒരു തടസ്സവുമുണ്ടായിട്ടില്ല. കുറ്റവിമുക്തനാക്കും മുൻപേ കോൺഗ്രസിന്റെ ഉന്നതപദവിയിൽ കെ സി വേണുഗോപാൽ എത്തിയിരുന്നു. പാലായിൽ തോറ്റപ്പോൾ ജോസ് കെ മാണിക്കു രാജ്യസഭാ പദവി താലത്തിൽ വെച്ചു കിട്ടി.
സ്ഥിതിവിവരക്കണക്ക് വെച്ചു നോക്കിയാൽ താരതമ്യേന ബിജെപി നേതാക്കളാണ് സ്ത്രീ വിഷയ കേസുകളിൽ പിന്നിൽ നിൽക്കുന്നത് എന്നു കാണാം. ഒരുപക്ഷേ , പാർട്ടി നേതാക്കളുടെ മേൽ ആർ എസ് എസിന്റെ ഒരു കണ്ണ് ഉള്ളതായിരിക്കാം ഇതിനു കാരണം .. എന്നാൽ, സരിത എസ് നായർ ബലാൽസംഗ കുറ്റം ആരോപിച്ച എ പി അബ്ദുല്ലക്കുട്ടിയെ പാർട്ടിയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മിറ്റി ചെയർമാനുമാക്കിയ പാർട്ടിയാണ് ബിജെപി എന്ന കാര്യം കാണാതിരുന്നു കൂടാ.
എല്ലാ പാർട്ടികളിലും ഇതുപോലത്തെ ഞരമ്പു രോഗികൾ ഉള്ള സ്ഥിതിക്ക് ഒരു രാഹുൽ മാങ്കൂട്ടത്തിലിനെ മാത്രം ഇത്രയേറെ വേട്ടയാടണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം .പരിചയപ്പെടുന്നവർക്കൊക്കെ മെസേജ് അയച്ചു കരിമ്പിൻകാട്ടിൽ ആന കയറിയ അവസ്ഥയാണ് രാഹുൽ സൃഷ്ടിച്ചത്. അവന്തിക എന്ന ട്രാൻസ് വുമൺ നടത്തിയ വെളിപ്പെടുത്തലിൽ നിന്നു ഒരു കച്ചിത്തുരുമ്പിൽ പിടിച്ചു രക്ഷപെടാൻ രാഹുൽ ഇന്നു നടത്തിയ ശ്രമവും പരാജയപ്പെട്ടു. പൊതുപ്രവർത്തനത്തിൽ നിന്ന് തൽക്കാലം മാറി നിൽക്കലാണ് കോൺഗ്രസ് പാർട്ടിയോട് അയാൾ കാണിക്കേണ്ട നന്ദി.
രാഹുലിന്റെ അടുത്ത സുഹൃത്തുക്കൾ എന്ന നിലയ്ക്ക് ഷാഫി പറമ്പിലിനെയും വി ടി ബലറാമിനെയും ലക്‌ഷ്യം വെക്കുന്ന ശ്രീമതി ടീച്ചറുടെ നടപടിയിൽ ദുരുദ്ദേശമുണ്ട്. ഇവർക്കെതിരെ ഇതേവരെ പ്രത്യക്ഷത്തിൽ പരാതികളൊന്നും ഉയരാത്ത സ്ഥിതിക്ക് ടീച്ചറെപ്പോലുള്ള ഒരാൾ സന്ദേശം സിനിമയുടെ അവസ്ഥയിലേക്ക് പോകരുത്. രാഹുലിന് അവർ കൂട്ടു നിന്നെങ്കിൽ ടീച്ചർക്ക് അവരെയും വിമർശിക്കാം. ടീച്ചർ ഉയർത്തുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിൽ സങ്കുചിത താല്പര്യങ്ങൾ കലർത്തരുത്.