വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചില്‍ സംഘർഷം.രാഹുല്‍ ഗാന്ധി നയിക്കുന്ന മാർച്ച് ട്രാൻസ്പോർട്ട് ഭവനുമുന്നില്‍വച്ച് ഡല്‍ഹി പോലീസ് തടഞ്ഞു.
ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചതോടെ സംഘർഷത്തില്‍ കലാശിച്ചു. പിരിഞ്ഞുപോകണമെന്ന് പോലീസ് എംപിമാരോട് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ തയാറായില്ല. പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയാണ്. രാഷ്ട്രീയ പോരാട്ടമല്ലെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തേണ്ടെന്ന് പ്രതിപക്ഷം തീരുമാനിച്ചതായാണ് റിപ്പോർട്ട്. 30 പേരുമായി കൂടിക്കാഴ്ച നടത്താമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു.