നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, ദയാധനം കൈമാറുന്നതടക്കം സങ്കീര്‍ണ്ണം

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍, ശിക്ഷിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങള്‍.

നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമൻ ജയില്‍ അധികൃതരുടെ തീരുമാനം. മോചനശ്രമങ്ങള്‍ക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്.ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങള്‍ സങ്കീർണ്ണമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിശദീകരണം.

പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ യെമനി പൗരനെ തലാല്‍ അബ്ദു മെഹദിയെ കൊലപ്പെടുത്തി എന്നാണ് കേസ്. കുടുംബം മാപ്പ് നല്‍കിയാല്‍ വധശിക്ഷ റദ്ദാക്കാനാകും. സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിലവില്‍ യെനിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിമിഷ തടവില്‍ കഴിയുന്ന മേഖലയുള്‍പ്പടെ ഹൂത്തി നിയന്ത്രിത മേഖലയായതും നേരിട്ടുള്ള ഇടപെടലുകള്‍ക്ക് പരിമിതിയാണ്.

നിമിഷപ്രിയയ്ക്കായി യെമനില്‍ നിയമനടപടികള്‍ ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവല്‍ ജെറോമാണ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസില്‍ നിന്ന് ജയില്‍ അധികൃതർക്ക് വധ ശിക്ഷ നടപ്പാക്കുന്നുവെന്ന ഉത്തരവെത്തിയതായി അറിയിച്ചത്. നിലവില്‍, നിമിഷപ്രിയയ്ക്കായി നയതന്ത്ര തലത്തില്‍ ഉള്‍പ്പടെ നടന്ന ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല. പത്ത് ലക്ഷം ഡോളർ ദിയാധനം നല്‍കി മോചിപ്പിക്കാൻ ഇപ്പോഴും അവസരമുണ്ടെന്നാണ് സാമുവല്‍ ജെറോം പറയുന്നത്. ഇത് ഏകദേശം 8 കോടിയിലധികം രൂപ വരും. ഇതിനായി കുടുംബത്തെ കാണാൻ ശ്രമിക്കുമെന്നും സാമുവല്‍ ജെറോം പറഞ്ഞു. കുടുംബത്തെ നേരില്‍ക്കണ്ട് ചർച്ച നടത്തുന്നതിനായി നിമിഷയുടെ അമ്മ ഇപ്പോഴും യെമനിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *