മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നതിനു പിന്നാലെ മന്ത്രി വീണാ ജോര്‍ജിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം.
പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെയും ഏരിയ കമ്മിറ്റി അംഗത്തിന്റെയും നടപടി പരിശോധിക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമായിരുന്നു പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെയുടെ ഫേസ്ബുക് കുറിപ്പ്. എസ്‌എഫ്‌ഐയുടെ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രവര്‍ത്തകരുടെ എഫ്ബി പോസ്റ്റുകള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പിജെയുടെ പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു എന്നും സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവിന്റെ പോസ്റ്റ് പ്രത്യക്ഷത്തില്‍ മന്ത്രിക്കെതിരെ അല്ല എന്നും രാജു എബ്രഹാം പറഞ്ഞു.
വാര്‍ത്തകളില്‍ അവ മന്ത്രിക്കെതിരെ എന്ന് വ്യാഖ്യാനിക്കപ്പെട്ടുവെന്നും രണ്ട് വിഷയവും പാര്‍ട്ടി ഗൗരവമായിത്തന്നെ പരിശോധിക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്ബ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിലാണ് മന്ത്രി വീണാ ജോര്‍ജിനെതിരെ സിപിഎം നേതാക്കള്‍ തന്നെ വിമര്‍ശനവുമായി രംഗത്തുവന്നത്. സിപിഎം പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ, സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവ് എന്നിവരായിരുന്നു മന്ത്രിക്കെതിരെ രംഗത്തുവന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും വിമര്‍ശനം.
കൂടുതല്‍ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമായിരുന്നു എസ്‌എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍ പി.ജെയുടെ വിമര്‍ശനം. ഒരു എംഎല്‍എയായി ഇരിക്കാന്‍ പോലും മന്ത്രിക്ക് അര്‍ഹതയില്ലെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തിരുന്നു. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ കൂടിയായ എന്‍ രാജീവ് പരോക്ഷമായി വിമര്‍ശിച്ചത്. സ്‌കൂളില്‍ കേട്ടെഴുത്ത് ഉണ്ടെങ്കില്‍ വയറുവേദന വരുമെന്നും വയറുവേദന എന്ന് പറഞ്ഞ് വീട്ടില്‍ ഇരിക്കുമെന്നുമായിരുന്നു രാജീവ് പരിഹസിച്ചത്. ഒത്താല്‍ രക്ഷപ്പെട്ടു എന്നാണ് അവസ്ഥയെന്നും എന്നാണ് രാജീവ് പറഞ്ഞത്.
സ്വന്തം മണ്ഡലമായ ആറന്മുളയില്‍ പാര്‍ട്ടിക്കാരുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല വീണ ജോര്‍ജ്. നേരത്തേ പലതവണപാര്‍ട്ടി അംഗങ്ങള്‍ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തിലെ പൊതുവായ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ക്കുപോലും കഴിയുന്നില്ല എന്നതായിരുന്നു പ്രധാന ആരോപണം.
ഫോണ്‍വിളിച്ചാല്‍ മന്ത്രിയുടെ ഓഫീസിലെ ചിലര്‍ എടുക്കുമെന്നും അവര്‍ക്ക് കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടാലേ ഫോണ്‍ മന്ത്രിക്ക് കൈമാറൂ എന്നുള്ള പരാതി ജില്ലയിലെ ഉന്നത നേതാക്കള്‍ക്കുമുന്നില്‍ വരെ എത്തിയെങ്കിലും കാര്യമായ ഒരു ഇടപെടലും ഉണ്ടായില്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകാരായ ചിലര്‍ പറയുന്നു. മന്ത്രിയുടെ ചില ബന്ധുക്കളുടെ ഇടപെടലുകളും പാര്‍ട്ടിയെ സാധാരണക്കാരില്‍ നിന്ന് അകറ്റുന്നുണ്ട് എന്നാണ് അവരുടെ ആക്ഷേപം.