മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത ഇല്ലെന്ന് സുപ്രീം കോടതി.
2016ലെ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, കെ എം ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാല്‍, ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും പറഞ്ഞു.
മതസ്പർധ വളർത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തെന്നടക്കമുള്ള ആരോപണങ്ങളാണ് കെ എം ഷാജിക്കെതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന നികേഷ് കുമാർ ഉയർത്തിയത്. കേസ് പരിഗണിച്ച ഹൈക്കോടതി കെ എം ഷാജിയെ ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8 (A) പ്രകാരം അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതി ആണെന്ന് ഷാജിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.
തുടർന്ന് ഹൈക്കോടതി ഇക്കാര്യത്തില്‍ അധികാര പരിധി മറികടന്നുവന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്നയും ഉജ്ജ്വല്‍ ഭുയാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തില്‍ ഈ വിഷയം രാഷ്ട്രപതിക്ക് വിടേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2016ലെ നിയമസഭയുടെ കാലാവധി 2021 ല്‍ അവസാനിച്ചു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഹർജിക്ക് പ്രസക്തി നഷ്ടമായി. അതിനാല്‍ തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതിയുടെ കണ്ടെത്തലിന് ഇനി പ്രസക്തിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നികേഷ് കുമാറിന് വേണ്ടി സീനിയർ അഭിഭാഷകൻ പി.വി. ദിനേശ്, അഭിഭാഷക ആൻ മാത്യു എന്നിവരാണ് ഹാജരായത്. കെ എം ഷാജിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നിഖില്‍ ഗോയല്‍, അഭിഭാഷകരായ ഹാരിസ് ബീരാൻ, മർസൂഖ് ബാഫഖി തങ്ങള്‍ എന്നിവരാണ് ഹാജർ ആയത്.
