വാഹനങ്ങളിലെ രൂപമാറ്റങ്ങള്‍ എണ്ണി പിഴയിടാൻ എം വി ‍‍‍ഡി

അനധികൃതമായി വാഹനങ്ങളുടെ രൂപം മാറ്റുന്നവര്‍ക്ക് ‘ഉഗ്രന്‍ പണി’യുമായി മോട്ടോര്‍വാഹന വകുപ്പ്. കമ്ബനി നിര്‍മിച്ചു വില്‍ക്കുന്ന രൂപത്തില്‍ നിന്ന് വാഹനങ്ങളില്‍ മാറ്റം വരുത്തുന്നത് പിഴയീടാക്കാവുന്ന കുറ്റമാണ്.

മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്ന രൂപമാറ്റമുണ്ടെങ്കില്‍ പിഴയ്ക്കുപുറമെ, വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാം.

ബൈക്കുകളില്‍ ഹാന്‍ഡ് ഗ്രിപ്, സീറ്റ് കവര്‍ എന്നിവ മാത്രമേ കൂട്ടിച്ചേര്‍ക്കല്‍ പാടുള്ളൂ. മറ്റു വാഹനങ്ങളില്‍ ഒരു മാറ്റവും പാടില്ല. അനുവദിച്ചതിലും വീതിയുള്ള ടയറിനും അനുമതിയില്ല. ഇത് സുരക്ഷിതത്വം കൂട്ടുമെന്നാണ് ധാരണയെങ്കിലും വളവുകളില്‍ ബൈക്ക് മറിയാന്‍ സാധ്യത കൂടുതലാണെന്ന് എംവിഡി പറയുന്നു. ബൈക്കുകളിലെ റിയര്‍വ്യൂ ഗ്ലാസുകള്‍ നീക്കം ചെയ്യുന്നതും കാറുകളിലും മറ്റു വാഹനങ്ങളിലും ഗ്ലാസുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നതും സുരക്ഷയെ ബാധിക്കും.

ബൈക്കുകളില്‍ പിന്‍സീറ്റ് യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള ഗ്രാബ് റെയില്‍, സാരി ഗാര്‍ഡ് എന്നിവ നീക്കം ചെയ്യാനും അനുമതിയില്ല. വാഹനങ്ങളുടെ നിറം മാറ്റാം. അക്കാര്യം ആര്‍ടി ഓഫീസില്‍ അറിയിക്കുകയും പരിവാഹന്‍ സൈറ്റില്‍ ഫീസടയ്ക്കുകയും ആര്‍സി ബുക്കില്‍ നിറം രേഖപ്പെടുത്തുകയും വേണം.

2019-ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നത്. ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഡീലര്‍മാരുടെ സര്‍വീസ് സെന്റര്‍ എന്നിവയ്‌ക്കെതിരേയും നടപടി വരും. സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കാം. ഏത് സ്ഥാപനമാണിത് ചെയ്തതെന്ന് പിടികൂടിയ വാഹന ഉടമകളോട് ചോദിച്ചറിഞ്ഞാകും നടപടി സ്വീകരിക്കുക.

നിബന്ധനകള്‍ ഇങ്ങനെ

• അലോയ് വീലുകള്‍ പുറത്തേക്കു തള്ളിനില്‍ക്കുന്ന അലോയ് വീലുകള്‍ നിയമവിരുദ്ധമാണ്. വാഹനങ്ങളുടെ കുറഞ്ഞ മോഡലുകളില്‍ ഉയര്‍ന്ന മോഡലുകളുടെ ടയര്‍ ഘടിപ്പിക്കുന്നതിന് തടസ്സമില്ല.

• നമ്ബര്‍പ്ലേറ്റ് വായിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാകണം നമ്ബര്‍പ്ലേറ്റുകള്‍. 2019 ഏപ്രില്‍ 1 മുതല്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ക്ക് ഹൈ സെക്യൂരിറ്റി നമ്ബര്‍പ്ലേറ്റാണ്. അതു മാറ്റാന്‍ പാടില്ല.

• ക്രാഷ് ബാറുകള്‍ മുന്‍വശത്തും പിന്നിലും വാഹനത്തിന്റെ ബംപറില്‍ ബുള്‍ബാറുകള്‍, ക്രാഷ് ബാറുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.

• കൂളിങ് പേപ്പര്‍ വാഹനത്തിന്റെ മുന്‍പിന്‍ ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തുന്ന ടിന്റഡ് ഗ്ലാസുകള്‍ ആകാം. എന്നാല്‍, കാഴ്ച മറയ്ക്കുന്ന കൂളിങ് സ്റ്റിക്കര്‍ പാടില്ല.

• സൈലന്‍സര്‍ വാഹനങ്ങളില്‍ കമ്ബനികള്‍ ഘടിപ്പിച്ചുവിടുന്ന സൈലന്‍സര്‍ മാത്രമേ പാടുള്ളൂ.

• സ്റ്റിക്കര്‍ മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍ തുടങ്ങി ജോലി സംബന്ധമായ സ്റ്റിക്കറുകള്‍ അനുവദനീയമാണ്. സര്‍ക്കാരിന്റെ ബോര്‍ഡ് അനുവാദമില്ലാതെ വയ്ക്കാന്‍ പാടില്ല.

• ഗ്ലാസുകളില്‍ കര്‍ട്ടന്‍ സര്‍ക്കാര്‍ വാഹനം ഉള്‍പ്പെടെ ഒരു വാഹനത്തിലും കര്‍ട്ടന്‍ പാടില്ല. ഇസെഡ് ക്ലാസ് സുരക്ഷയുള്ള വിഐപികള്‍ക്ക് സെക്യൂരിറ്റിയുടെ ഭാഗമായി കര്‍ട്ടന്‍ ഉപയോഗിക്കാം.

• ഹെഡ് ലൈറ്റുകള്‍ 50-60 വാട്സ് വെളിച്ചത്തില്‍ കൂടാന്‍ പാടില്ല. എതിരെ വരുന്ന ഡ്രൈവര്‍മാരുടെ കാഴ്ചയെ ബാധിക്കുന്ന രീതിയിലുള്ള ഹെഡ് ലൈറ്റുകളും എച്ച്‌ഐഡി ലൈറ്റുകളും നിയമവിരുദ്ധമാണ്.

• സീറ്റ് മാറ്റം ജീപ്പ് പോലുള്ള വാഹനങ്ങള്‍ക്ക് ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പുകള്‍ മാറ്റം വരുത്താം. ഓട്ടോറിക്ഷകളില്‍ സൈഡ് ഡോര്‍ സ്ഥാപിക്കാം.

മാറ്റങ്ങള്‍ക്ക് പിഴ

ഓരോ മാറ്റത്തിനും 5000 രൂപയാണ് ഉടമസ്ഥന്‍ പിഴ നല്‍കേണ്ടി വരുക. വാഹന ബോഡിയില്‍നിന്നു പുറത്തേക്കു തള്ളിനില്‍ക്കുന്ന തരത്തിലുള്ള എന്തു ഘടിപ്പിച്ചാലും 20,000 രൂപ പിഴയടയ്ക്കണം. ഇതു ബൈക്കുകള്‍ക്കും ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *