മണ്ഡലത്തില്‍ നിന്നും 75,000 വോട്ട് സ്വന്തമാക്കുമെന്ന് നിലമ്ബൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ.
ട്രോളുന്നവർക്ക് ട്രോളാമെന്നും ചിന്തിക്കുന്നവർക്ക് ഉള്‍ക്കൊള്ളാൻ കഴിയില്ലെന്നും അൻവർ പറഞ്ഞു. ഇതെങ്ങനെയാണ് ഈ വോട്ട് ലഭിക്കുന്നതെന്നുകൂടി അൻവർ വിശദീകരിച്ചു. അതായത്, പ്രിയങ്കഗാന്ധിക്ക് 97,000 വോട്ടാണ് നിലമ്ബൂരില്‍ നിന്നും ലഭിച്ചത്. അതില്‍ നിന്നും ചുരുക്കം വോട്ട് കുറയും. അങ്ങനെയാണ് 75,000 വോട്ട് ലഭിക്കുക. സി.പി.എമ്മിന് 29,000 വോട്ടാണ് നിലമ്ബൂരില്‍ ഉള്ളത്.
ലീഗിന്റെ ഉറച്ച വോട്ട് 30,000 ആണ്. കോണ്‍ഗ്രസിന്റെ ഉറച്ച വോട്ട് 45,000വരെയാണ്. ഇതില്‍ നിന്നും എനിക്ക് കിട്ടുന്ന േവാട്ട് എണ്ണുമ്ബോള്‍ കാണാമെന്നും അൻവർ അവകാശപ്പെട്ടു. സ്ഥാനാർഥി നിർണയ ചർച്ച നടക്കുന്നതിനിടെ, ആര്യാടൻ ഷൗക്കത്തിനോട് നീ ജയിക്കില്ലെന്ന് പറഞ്ഞതായും അൻവർ കൂട്ടിച്ചേർത്തു. എന്തുകൊണ്ട് പരാജയപ്പെടുമെന്ന് കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. ചില ഇടങ്ങളില്‍ നിന്നും ഷൗക്കത്തിന് തീരെ വോട്ട് ലഭിക്കില്ല. ഞാൻ, ജോയ് മത്സരിക്കട്ടെയെന്ന് ആവശ്യപ്പെട്ടു.
എനിക്ക് ജോയിയോട് പ്രത്യേക താല്‍പര്യമില്ല. പക്ഷെ, മലയോര കർഷകനാണ്. അവരുടെ പ്രശ്നങ്ങള്‍ അടുത്തറിയാം. പിന്നെ ഒ.ടി. ജയിംസിന്റെ പേര് പറഞ്ഞു. ജയിംസ് ഷൗക്കത്തിന്റെ വലം കൈയാണ്. അദ്ദേഹമാണെങ്കില്‍ പോലും കുഴപ്പമില്ല. 2026ല്‍ മത്സരിച്ചോളാൻ ഷൗക്കത്തിനോട് ഞാൻ പറഞ്ഞു. അതിനുവേണ്ടി കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കാമെന്ന് പറഞ്ഞതായും അൻവർ കൂട്ടിച്ചേർത്തു.
എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു ഷൗക്കത്തിന്റെ മറുപടിയെന്നാണ് അൻവർ പറയുന്നത്. ഇങ്ങനെയൊക്കൊ പറയാൻ കാരണം, നീ ഇവിടെ തോറ്റാല്‍ 140 മണ്ഡലങ്ങളിലും തോല്‍ക്കുന്നതിന് തുല്യമാണെന്ന് ഷൗക്കത്തിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എനിക്ക് നിലമ്ബൂരിലെ പാവങ്ങളെ അടുത്തറിയാം. അതാണെന്റെ കരുത്തെന്നും അൻവർ കൂട്ടിച്ചേർത്തു.