കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ നിശ്ചലമായി കേരളം.
കെ.എസ്.ആർ.ടി.സി ബസുകളും സർവിസ് നിർത്തിയതോടെ പൊതുഗതാഗതം പൂർണമായി സ്തംഭിച്ചു. പലയിടങ്ങളിലും ഓടിയ ബസുകള്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ സമരാനുകൂലികള്‍ മർദിച്ചതായി പരാതിയുയർന്നു.
കൊച്ചിയിലും തൃശൂരിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാർ ബസ് തടഞ്ഞു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിൻറെ സ്വന്തം മണ്ഡലമായ പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. കൊല്ലം ഡിപ്പോയില്‍ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം സർവിസുകള്‍ തടഞ്ഞു. തിരുവനന്തപുരത്ത് തമ്ബാനൂർ സ്റ്റാൻഡിന് പുറത്തുനിന്ന് ചില ബസുകള്‍ സർവിസ് നടത്തി.
കൊല്ലത്ത് സർവിസ് നടത്തുന്നതിനിടയില്‍ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ സമരാനുകൂലികള്‍ മർദിച്ചതായി പരാതിയുയർന്നു. ബസിനുള്ളില്‍ കയറി സമരക്കാർ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും കണ്ടക്ടർ ശ്രീകാന്ത് പറഞ്ഞു. പണിമുടക്ക് ദിവസം സർവിസ് നടത്തിയത് ചോദ്യംചെയ്തായിരുന്നു മർദനം.
കെ.എസ്.ആർ.ടി.സിയില്‍ ജീവനക്കാർ ജോലിക്കെത്തണമെന്ന് കാണിച്ച് ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിനെ വകവെക്കാതെയാണ് ജീവനക്കാർ സമരത്തിൻറെ ഭാഗമായത്. കെ.എസ്.ആർ.ടി.സി ബസുകള്‍ സർവിസ് നടത്തുമെന്നായിരുന്നു മന്ത്രി കെ.ബി. ഗണേഷ് കുമാറിൻറെ പ്രഖ്യാപനം. എന്നാല്‍, സമരത്തില്‍ പങ്കെടുക്കുമെന്ന് ബി.എം.എസിൻറേത് ഒഴികെയുള്ള സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.