കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകള്‍ സജ്ജം

കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകള്‍ പ്രവർത്തനസജ്ജമായി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് സർജിക്കല്‍ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷൻ തീയറ്ററുകള്‍ പ്രവർത്തനസജ്ജമാക്കിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇവിടെ നടക്കുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത് സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ കോട്ടയം മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി ആരംഭിച്ചിരുന്നു. തുടർന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ സജ്ജമാക്കാൻ നിർദേശം നല്‍കിയത്. ഇതിന്റെ ഭാഗമായാണ് പുതിയ ഓപ്പറേഷൻ തീയറ്ററുകളില്‍ അവയവം മാറ്റിവയ്ക്കാനുള്ള സംവിധാനങ്ങള്‍ കൂടിയൊരുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

സർജിക്കല്‍ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ കാർഡിയോ വാസ്‌കുലാർ സർജറി, യൂറോളജി, സർജിക്കല്‍ ഗ്യാസ്‌ട്രോഎൻട്രോളജി, ന്യൂറോസർജറി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങള്‍ക്കുള്ള ഓപ്പറേഷൻ തീയേറ്ററുകളും തീവ്രപരിചരണ വിഭാഗങ്ങളുമാണ് പ്രവർത്തനമാരംഭിച്ചത്. ഓരോ വിഭാഗത്തിനുമായി 20 ഐസിയു കിടക്കകള്‍ സജ്ജമാക്കി. എമർജൻസി മെഡിസിൻ വിഭാഗം നേരത്തെ തന്നെ ഈ ബ്ലോക്കില്‍ പ്രവർത്തനം തുടങ്ങിയിരുന്നു. 5 സർജിക്കല്‍ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കൊപ്പം അനസ്‌തേഷ്യ വകുപ്പിന്റെ ഒരു വിഭാഗം കൂടി ഈ ബ്ലോക്കിലേക്ക് മാറ്റി.

സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്ക് 2023 മാർച്ച്‌ മാസത്തിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. 195.93 കോടി രൂപ ചെലവഴിച്ചുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, 7 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടുകൂടി ഭാവിയുടെ വികസനം കൂടി മുന്നില്‍ കണ്ടാണ് സജ്ജമാക്കിയത്.

190 ഐസിയു കിടക്കകളില്‍ 20 കിടക്കകള്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മള്‍ട്ടി ഓർഗൻ ട്രാൻസ്പ്ലാന്റേഷനും 20 കിടക്കകള്‍ കിഡ്‌നി ട്രാൻസ്പ്ലാന്റേഷനും 20 കിടക്കകള്‍ തലയ്ക്ക് പരിക്കേറ്റവർക്കായുള്ള വിദഗ്ധ ചികിത്സയ്ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാന സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്. വൃക്ക മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള ആധുനിക സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍, സുസജ്ജമായ കാത്ത് ലാബ്, ടെലി കൊബാള്‍ട്ട് തെറാപ്പി, ലീനിയർ ആക്‌സിലറേറ്റർ, പെറ്റ് സ്‌കാൻ എന്നീ സൗകര്യങ്ങളുമുണ്ട്. സർക്കാർ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ഫാമിലി മെഡിസിൻ, എമർജൻസി മെഡിസിൻ കോഴ്‌സുകള്‍ ആരംഭിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. ഇത് കൂടാതെ കോഴിക്കോട് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *