കാവല്‍ക്കാരന്‍ തന്നെ സ്വത്ത് കൈയേറുന്ന സ്ഥിതിവിശേഷമാണ് വഖ്ഫ് നിയമഭേദഗതിയിലൂടെ രാജ്യത്തുള്ളതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ വഖ്ഫ് നിയമ ഭേദഗതിയിലൂടെ അത് ഇല്ലാതായിരിക്കുകയാണ്. വഖ്ഫ് നിയമഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെയും വിമര്‍ശനമുയര്‍ന്നു. കുറുക്കന്റെ കണ്ണുമായി രാഷ്ട്രീയ ലാഭം നോക്കിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം. തിരഞ്ഞെടുപ്പ് വരെ മുനമ്ബത്തെ പ്രശ്‌നം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും നിലമ്ബൂര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റു തുന്നം പാടുമെന്നും കുഞ്ഞാലിക്കുട്ടി പ്രസംഗത്തില്‍ പറഞ്ഞു. ബിജെപി വഖ്ഫിനെക്കുറിച്ച് നുണപ്രചാരണം നടത്തുന്നുവെന്ന് കര്‍ണാടക മന്ത്രി കൃഷ്ണ ഭൈര പറഞ്ഞു. അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് ക്ഷണമുണ്ടായിരുന്ന വി ഡി സതീശനും പഞ്ചാബ് പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജയും പരിപാടിക്ക് എത്തിയില്ല. വി ഡി സതീശന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് വരാതിരുന്നതെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. അമരീന്ദര്‍ സിങ് രാജയുടെ സ്ഥാപനങ്ങള്‍ക്കെതിരെ ഇ.ഡി സമന്‍സ് നല്‍കിയെന്നും അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൊണ്ടാണ് എത്താതിരുന്നതെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ. സലാമും വ്യക്തമാക്കി.