‘വിരലുകള്‍ എണ്ണാമെങ്കില്‍ എണ്ണിക്കോ…’?; കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ വിഡിയോയുമായി നെതന്യാഹു

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി പുതിയ വിഡിയോ പങ്കുവെച്ച്‌ നെതന്യാഹു. നെതന്യാഹു ഒരു കഫേയില്‍ കോഫി ഓർഡർ ചെയ്യുകയും താൻ കൊല്ലപ്പെട്ടുവെന്ന കിവംദികളോട് തമാശയായി പ്രതികരിക്കുന്നതുമാണ് പുതിയ വിഡിയോ.

‘ഞാന്‍ മരിക്കും കോഫിക്ക് വേണ്ടി,ജനത്തിന് വേണ്ടി’ എന്നുമാണ് ഹീബ്രുഭാഷയില്‍ നെതന്യാഹു പറയുന്നത്. കൂടാതെ തന്‍റെ രണ്ട് കൈയും ഉയര്‍ത്തി വിരലുകള്‍ കാമറയിലേക്കും നെതന്യാഹു കാണിക്കുന്നുണ്ട്. ‘എന്‍റെ വിരലുകള്‍ വേണമെങ്കില്‍ എണ്ണിക്കോളൂ’ എന്നാണ് നെതന്യാഹു പറയുന്നത്. ജറുസലേം ഹില്‍സിലെ സതാഫ് കഫേയില്‍ നിന്നാണ് പുതിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നെതന്യാഹുവിന്റെ ഔദ്യോഗിക ടെലിഗ്രാം അക്കൗണ്ടിലും എക്സിലുമാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തത്.

അടുത്തിടെ പുറത്തുവന്ന ഒരു വിഡിയോയില്‍ നെതന്യാഹുവിന്റെ കൈകളില്‍ ആറ് വിരലുകള്‍ ഉള്ളതായി തോന്നിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. നെതന്യാഹു മരിച്ചുവെന്നും എഐ നിർമിത വിഡിയോ ആണെന്നുമായിരുന്നു അഭ്യൂഹങ്ങള്‍ക്ക് കാരണം. ഇറാൻ വാർത്താ ഏജൻസികളാണ് നെതന്യാഹുവിന്റെ അസാന്നിധ്യത്തെ കുറിച്ച്‌ ചോദ്യമുയർത്തിയത്. ഇതിന്റെ തെളിവുകള്‍ പുറത്തുവന്നില്ലെങ്കിലും മാർച്ച്‌ 13ന് നെതന്യാഹു സ്വന്തം എക്‌സ് എക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ ഒരു കയ്യില്‍ ആറ് വിരലുകള്‍ കാണുന്നതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയത്. അതേസമയം, വീഡിയോയിലെ ഒരു ഫ്രെയിമില്‍ ആറ് വിരലുകള്‍ ഉള്ളതായി തോന്നുന്നതിന് കാരണം ക്യാമറ ആംഗിളിലെ പ്രത്യേകതയും ദൃശ്യങ്ങളില്‍ ഉണ്ടായ അവ്യക്തതയുമാണെന്നാണ് എക്‌സില്‍ നിരവധി പേര്‍ വിശദീകരണവുമായും രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രചരിക്കുന്നതെല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് പുതിയ വിഡിയോയില്‍ അദ്ദേഹം കൈവിരലുകള്‍ ഉയര്‍ത്തിക്കാണിക്കുന്നത്.

അതിനിടെ നെതന്യാഹു കൊല്ലപ്പെട്ടിട്ടില്ലെങ്കില്‍ പിന്തുടർന്ന് വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് പറഞ്ഞിരുന്നു. ഹിസ്ബുല്ല നേതാവ് ഹസൻ നസറുല്ലയുടെയും മറ്റ് ഹമാസ് നേതാക്കളുടെയും കൊലപാതകത്തിന് തിരിച്ചടിയായി നെതന്യാഹുവിനെ ഇല്ലാതാക്കുമെന്ന് ഐആർജിസി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *