ദിലീപിനെ കുറിച്ചുള്ള പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ മനപ്പര്‍വ്വം, ഗുണം ദിലീപിന്, ലക്ഷ്യം ഇത്’;ടിബി മിനി

റിപ്പോർട്ടർ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ ദിലീപിനെതിരായ പള്‍സർ സുനിയുടെ ആരോപണങ്ങള്‍ വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്.

തനിക്ക് ഒന്നരകോടിയുടെ ക്വട്ടേഷനാണ് നടിയെ ആക്രമിക്കാൻ തന്നതെന്നും ഇതില്‍ പകുതിയോളം പണം തനിക്ക് ലഭിച്ചുവെന്നുമാണ് സുനി പറഞ്ഞത്. മറ്റ് പല ഗുരുതര ആരോപണങ്ങളും സുനി ഉയർത്തിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ എന്തിനാണ് സുനി ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത് എന്ന ചോദ്യമാണ് പലരും ഉയർത്തിയത്. പ്രത്യേകിച്ച്‌ റിപ്പോർട്ടർ ചാനലിലെ ഒരു മാധ്യമപ്രവർത്തകനോട് സുനി എല്ലാം തുറന്നുപറയുമോയെന്നും സ്റ്റിംഗ് ഓപ്പറേഷൻ ആണെന്ന് സുനിക്ക് മനസിലാകാതിരിക്കുമോയെന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉണ്ട്. അതേസമയം ഈ വെളിപ്പെടുത്തല്‍ ദിലീപിന് വേണ്ടി സുനി ബോധപൂർവ്വം നടത്തിയതാണെന്ന് പറയുകയാണ് ഇപ്പോള്‍ അഡ്വ ടിബി മിനി. റിപ്പോർട്ടർ ചാനലിനോടായിരുന്നു അവരുടെ പ്രതികരണം. സുനിയുടെ വെളിപ്പെടുത്തല്‍ അതിജീവിതയ്ക്കല്ല, മറിച്ച്‌ ദിലീപിന് തന്നെയാണ് ഗുണം ചെയ്യുകയെന്നും മിനി പറഞ്ഞു. മിനിയുടെ വാക്കുകളിലേക്ക്

‘വെളിപ്പെടുത്തല്‍ നടത്തിയത് ഒന്നാം പ്രതിയാണ്. ഈ കേസില്‍ ആരൊക്കെ സ്വയം വെള്ളപൂശാൻ നടത്തിയാലും പള്‍സർ സുനിയാണ് ഈ കുറ്റകൃത്യം നടത്തിയത്. അയാളെ എത്ര ശുദ്ധീകരിക്കാൻ ശ്രമിച്ചാലും അയാളാണ് യഥാർത്ഥ കുറ്റവാളി. അതുകൊണ്ട് അയാള്‍ സ്വയം എത്ര ന്യായീകരിച്ചാലും അയാളെ ശുദ്ധീകരിക്കാൻ കഴിയില്ല. പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഒരുപാട് കാര്യങ്ങള്‍ അയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റിപ്പോർട്ടർ ചാനലിലൂടെയുള്ള പള്‍സർ സുനിയുടെ വെളിപ്പെടുത്തല്‍ ദിലീപിന് വേണ്ടിയുള്ള ബോധപൂർവ്വമായ വെളിപ്പെടുത്തലാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

കഴിഞ്ഞ ദിവസം ദിലീപ് ഈ കേസില്‍ ഒരു ഹർജി നല്‍കിയിരുന്നു. കേസില്‍ തുടരന്വേഷണം വേണമെന്നും സി ബി ഐ അന്വേഷിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ദിലീപ് ഹർജിയില്‍ പ്രധാനമായും ഉന്നയിച്ച വാദം ഒരു ഫോണ്‍ കണ്ടെടുക്കാൻ ഉണ്ടെന്നതാണ്. അത് ഏഴാം തീയതിലേക്ക് കൂടുതല്‍ വാദത്തിനായി ഹൈക്കോടതി മാറ്റി വെച്ചിരിക്കുകയാണ്.

അതിനിടയിലാണ് പള്‍സർ സുനിയുടെ വെളിപ്പെടുത്തല്‍ വരുന്നത്. ഇരയെ സംബന്ധിച്ച്‌ ഈ വെളിപ്പെടുത്തല്‍ വിശ്വസനീയമേ അല്ല. കാരണം അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ഈ ഫോണിനെ സംബന്ധിച്ച്‌ കൃത്യമായി അന്വേഷണം നടക്കുകയും പള്‍സർ സുനിയുടെ വക്കീല്‍ ആ ഫോണ്‍ സുനി നശിപ്പിച്ചുവെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തതാണ്. ആ വക്കീല്‍ ഇപ്പോള്‍ പൂർമായും പാരലൈസ്ഡ് ആയി കിടക്കുകയാണ്.

നടി കേസിന്റെ വിചാരണ ഏപ്രില്‍ 11 ഓടെ പൂർത്തിയാകും എന്നാണ് കരുതുന്നത്. വിധിയും ഉടനെ വരും. ഈ കേസില്‍ നിലനില്‍ തുടരന്വേഷണം ആവശ്യമേ ഇല്ല. ഈ കേസില്‍ തുടരന്വേഷണം ആഗ്രഹിക്കുന്ന ഏക വ്യക്തി ദിലീപ് മാത്രമാണ്. അതുകൊണ്ട് പള്‍സർ സുനി നിങ്ങളെ ചതിച്ചതാണോ എന്ന് പരിശോധിക്കണം.

പള്‍സർ സുനിക്ക് സത്യം പറയണം എന്നുണ്ടായിരുന്നുവെങ്കില്‍ പല അവസരങ്ങളിലും അയാള്‍ക്ക് അത് പറയാമായിരുന്നു. ഈ അവസാന നിമിഷം ഇങ്ങനെ വന്ന് സംസാരിച്ചത് ഈ കേസില്‍ തുടരന്വേഷണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.

ഈ കേസില്‍ എത്ര ശ്രമിച്ചാലും മായ്ച്ചുകളയാൻ സാധിക്കാത്ത തരത്തില്‍ തെളിവുകള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് കേസില്‍ വിധി പറയണം. ഇനിയും തുടരന്വേഷണത്തിലേക്ക് പോകുന്നത് അതിജീവിതയ്ക്ക് ഗുണം ചെയ്യില്ല. എട്ടാം പ്രതിക്കാണ് ഇത് ഗുണം ചെയ്യുക’, അഡ്വ മിനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *