സുരേഷ് ഗോപി ഏത് പാര്‍ട്ടിയാണെന്ന് ബിജെപിക്ക് പോലും സംശയം, പറയുന്നത് ഗൗരവത്തിലെടുക്കേണ്ട;ജോണ്‍ ബ്രിട്ടാസ് എംപി

കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യങ്ങളോട് തട്ടിക്കയറിയ വിഷയത്തില്‍ പ്രതികരിച്ച്‌ ജോണ്‍ ബ്രിട്ടാസ് എംപി.

സുരേഷ് ഗോപി ശത്രുവല്ലെന്നും രാഷ്ട്രീയ പ്രതിയോഗി മാത്രമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നിങ്ങള്‍ എന്റെ വീട്ടില്‍ വന്നു ചോദിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. ജബല്‍പൂരില്‍ ക്രൈസ്തവരെ ആക്രമിച്ച വാര്‍ത്തയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ബ്രിട്ടാസിന്റെ വീട്ടില്‍ പോയി വെച്ചാല്‍ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിലാണ് ബ്രിട്ടാസിന്റെ മറുപടി.

‘സുരേഷ് ഗോപി ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങി ഊഷ്മളതയോടെ എന്നോട് സംസാരിച്ചിരുന്നു. നടനകലയിലെ വൈഭവം പ്രകടിപ്പിക്കുന്നു. മിത്രമാണ് സുരേഷ്ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും സ്‌ക്രിപറ്റ് റൈറ്ററുടെ ആവശ്യമുണ്ട്. സുരേഷ് ഗോപി പറയുന്നതിനെ സീരിയസായി എടുക്കരുത്. ബിജെപി പോലും അത് സീരിയസായി എടുക്കുന്നില്ല’, ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

സുരേഷ് ഗോപി ഏത് പാര്‍ട്ടിയിലാണെന്ന് സുരേഷ് ഗോപിക്ക് അറിയില്ലെന്നും ബിജെപിക്കും അക്കാര്യത്തില്ർ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം പറയുന്നത് തൂക്കിനോക്കുന്നതിലും കാര്യമില്ല. ജനപ്രതിനിധികള്‍ സംസാരിക്കുമ്ബോള്‍ സഭ്യത വേണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ദീര്‍ഘകാലം സ്‌ക്രിപ്റ്റ്റൈറ്ററുടെ സഹായത്തോടെയാണ് അദ്ദേഹം സംസാരിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ സ്‌ക്രിപ്റ്റ് റൈറ്ററെ തരപ്പെടുത്തികൊടുക്കണമെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ നേരിട്ട ആക്രമണത്തിലെയും വഖഫിലെയും ചോദ്യത്തോടാണ് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. ‘നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച്‌ സംസാരിക്കണം. മാധ്യമം ആരാണ്. ജനങ്ങളാണ് വലുത്. സൗകര്യമില്ല ഉത്തരം പറയാന്‍. അക്രമം അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ കേരളത്തിലും അക്രമം നടക്കുന്നുണ്ട്. ജബല്‍പൂരില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കും’, എന്നായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചത്. ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്ന് സുരേഷ് ഗോപി മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *