ജുഡീഷ്യറിയെ ശക്തിപ്പെടുത്താൻ 105 പുതിയ കോടതികള്‍ സ്ഥാപിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍

ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും മതനിരപേക്ഷയിലുമൂന്നിയുള്ള നീതി നിര്‍വഹണം വേഗത്തില്‍ നടപ്പാക്കുന്നതിനും ജുഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇത് മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ 105 പുതിയ കോടതികള്‍ സ്ഥാപിച്ചെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഹോസ്ദുര്‍ഗ് കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ആദ്യമായി കൊല്ലത്ത് സുപ്രിം കോടതിയുടെ ഇ കോര്‍ട്ട് നയത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പേപ്പര്‍ ലെസ്സ് ഡിജിറ്റല്‍ കോടതി സ്ഥാപിച്ചു.

ഈ സംവിധാനത്തില്‍ കക്ഷിയും വക്കീലും ഹാജരാകാതെ കേസ് തീര്‍പ്പാക്കാന്‍ കഴിയും. പുതിയ കോടതികള്‍ മാത്രമല്ല അതിന് അനുസൃതമായി തസ്തികകളും സൃഷ്ടിച്ചിട്ടുണ്ടെന്നും ഹൈ കോടതിയില്‍ 577 തസ്തികകളും സബോര്‍ഡിനേറ്റ് കോടതികളില്‍ 2334 തസ്ഥികകളും പുതിയതായി അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അഭിഭാഷകരുടെ ക്ഷേമത്തിനായി 1980ല്‍ രൂപീകരിച്ച ക്ഷേമനിധി ഫണ്ടില്‍ ഫെല്‍ഫെയര്‍ഫണ്ട് 30000 രൂപയായിരുന്നു. 2016ലാണ് വിരമിക്കുന്ന അഭിഭാഷകര്‍ക്കുള്ള ആനുകൂല്യം 10 ലക്ഷം രൂപയായി ഉയര്‍ത്തിയത്. മെഡിക്കല്‍ സഹായ തുക 5000 ല്‍നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യത സമത്വത്തിലും മതനിരപേക്ഷയിലുമൂന്നി കേസുകള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് ഉപയോഗിക്കണമെന്നും രാജ്യത്ത് ശരാശരി അഞ്ച് ലക്ഷം കേസുകള്‍ കെട്ടികിടക്കുന്നുണ്ടെന്നതാണ് കണക്കെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യവും മത നിരപേക്ഷതയും അപകടത്തിലാകുമെന്ന് കാണുമ്ബോള്‍ സെക്കന്റ് ബാലന്‍സ് സിസ്റ്റമെന്ന നിലയില്‍ കോടതികള്‍ പലപ്പോഴും ലോക ശ്രദ്ധ നേടിയിട്ടുണ്ടെന്നും അതേ സമയം ചില കാര്യങ്ങളില്‍ വിമര്‍ശനവും നേരിടേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ നടത്തിയ അദാലത്തുകളും സെമിനാറുകളും ബോധവത്ക്കരണ ക്ലാസുകളുമെല്ലാം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1949 ല്‍ സ്ഥാപിച്ച കോടതിയില്‍ ഇനിയും ആവശ്യങ്ങളുണ്ടെന്ന് അറിയാമെന്നും അവ പരിഗണിച്ച്‌ ഉചിതമായ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ അഭിഭാഷകവൃത്തിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അഡ്വ.സി.കെ ശ്രീധരന്‍, അഡ്വ.യു.ബി മുഹമ്മദ്, അഡ്വ. എം.സി ജോസ്, അഡ്വ. ടി.എം മാത്യു, അഡ്വ.എ.വി ജയചന്ദ്രന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനായ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീര്‍ പ്രകാശനം നടത്തി. എം.രാജഗോപാലന്‍ എം.എല്‍.എ, സി.എച്ച്‌. കുഞ്ഞമ്ബു എം.എല്‍.എ, കാസര്‍കോട് ജില്ല ആന്റ് സെഷന്‍സ് ജഡ്ജി സാനു എസ് പണിക്കര്‍, ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജ് പി എം സുരേഷ് , കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാജീവന്‍ വാചാല്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.മണികണ്ഠന്‍ നമ്ബ്യാര്‍, സീനിയര്‍ അഭിഭാഷകന്‍ സി.കെ. ശ്രീധരന്‍, കെ.സി.ജെ.എസ്.ഒ. ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ. പി പ്രമോദ് കുമാര്‍, കെ.സി.ജെ.എസ്.എ. ജില്ലാ സെക്രട്ടറി എം ശിവാനന്ദന്‍, ഹൊസ്ദുര്‍ഗ് കേരള അഡ്വക്കേറ്റ് ക്ലാര്‍ക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.വി. ബാലന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി. ജോസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ പി അപ്പുകുട്ടന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *