‘മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏര്‍പ്പാടാക്കണം, അനുസരിക്കാത്തവരുടെ വിവരങ്ങള്‍ കൈമാറണം’; ബാറുടമകള്‍ക്ക് നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്തെ ബാറുകള്‍ക്ക് നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കണമെന്നും മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിർദ്ദേശം നല്‍കണമെന്നും മോട്ടോര്‍വാഹന വകുപ്പ് പുറത്തിറക്കി സര്‍ക്കുലറില്‍ പറയുന്നു.

സർക്കുലർ അനുസരിക്കാത്ത കസ്റ്റമേഴ്സിന്റെ വിവരങ്ങള്‍ പോലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറണമെന്നും നിർദേശമുണ്ട്.

ഡ്രൈവർമാരെ നല്‍കുന്നതിന്റെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും എംവിഡി വ്യക്തമാക്കി. എൻഫോഴ്സ്മെൻ്റ് ആര്‍ടിഒ ആണ് ഇതു സംബന്ധിച്ച നിർദ്ദേശം നല്‍കിയിരിക്കുന്നത്.

ഗതാഗത നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടയ്ക്കാത്തവരെ കണ്ടെത്താനും തീരുമാനമുണ്ട്. ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ പിഴ അടയ്ക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളിലെത്തി പിഴ അടപ്പിക്കും. വാഹനാപകടം കുറയ്ക്കാനുള്ള പോലീസ് – മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധനയുടെ ഭാഗമായാണ് നടപടി. ഡ്രൈവർമാരെ കൂടുതല്‍ സുരക്ഷാ ബോധമുള്ളവരാക്കി അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ബോധവല്‍കരണ പരിപാടികളും പരിശോധനയുടെ ഭാഗമായി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *