ചൈനയില്‍ കുട്ടികളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ശ്വാസകോശ സംബന്ധമായ രോഗത്തില്‍ നിലവില്‍ ഇന്ത്യക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ശ്വാസകോശ രോഗം മാത്രമാണ് നിലവിലുള്ളത്, ആശങ്കപ്പെടേണ്ട ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം H9N2 കേസുകള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനോ മരണം സംഭവിക്കാനോ സാദ്ധ്യത കുറവാണെന്നാണ് തങ്ങള്‍ക്ക് ലഭിച്ച കേസുകളില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ നിഗമനവും.
കൂടുതല്‍ പരിശോധനകള്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ ചികിത്സാ രീതിയില്‍ കൂടുതല്‍ ഏകോപനം കൈവരിച്ചിട്ടുണ്ടെന്നും കേന്ദ്രം അവകാശപ്പെടുന്നു. പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ ചികിത്സാ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടുവെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ചൈനയില്‍ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സാ ബാധ മനുഷ്യനില്‍ കണ്ടെത്തിയതിന് പിന്നാലെ രാജ്യത്ത് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ അദ്ധ്യക്ഷതയില്‍
യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തിയിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
വടക്കന്‍ ചൈനയില്‍ ഒക്ടോബര്‍ പകുതിയോടെയാണ് കുട്ടികളില്‍ ശ്വാസകോശ രോഗം ബാധിക്കുന്നത് വര്‍ധിച്ചത്. ഇതേത്തുടര്‍ന്ന് കൂടുതല്‍ വിശദാംശങ്ങള്‍ ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ ചൈന തയ്യാറായിട്ടില്ല.