വാക്സിനല്ല, യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിനു കാരണങ്ങള്‍ ഇവ: ICMR പഠനം

രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ഹൃദ്രോഗങ്ങള്‍ കൂടുന്നതിനും യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിനും കാരണം കോവിഡ് വാക്സിൻ അല്ലെന്നും അതിനു പിന്നില്‍ മറ്റു പല കാരണങ്ങളും ഉണ്ടെന്നും ഐസിഎംആര്‍ (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌).

ഇന്ത്യൻ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ (IJMR) പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് വാക്സിൻ യുവാക്കള്‍ക്കിടയിലെ മരണ സാധ്യത കൂട്ടുന്നില്ല മറിച്ച്‌ കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും പഠനത്തില്‍ പറയുന്നു. നവംബര്‍ 16 നാണ് പഠനം പ്രസിദ്ധീകരിച്ചത്. ആരോഗ്യമുള്ളവരായിരുന്നിട്ടും പെട്ടെന്നുള്ള മരണം മൂലം ജീവൻ നഷ്ടപ്പെട്ട 18 നും 45 നും ഇടയില്‍ പ്രായമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഇത്തരത്തിലുള്ള 729 കേസുകള്‍ പഠനത്തിനായി തെരഞ്ഞെടുത്തു.

പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന നിരവധി കാരണങ്ങള്‍ പഠനത്തില്‍ വ്യക്തമായി പറയുന്നുണ്ട്. കോവിഡ്-19 മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ ചരിത്രം, കുടുംബ ചരിത്രം, അമിതമായ മദ്യപാനം, മയക്കുമരുന്നുകളോ മറ്റ് വസ്തുക്കളുടെയോ ഉപയോഗം, കഠിനമായ വ്യായാമ മുറകള്‍ എന്നിവയെല്ലാം യുവാക്കളില്‍ പെട്ടെന്നുള്ള മരണത്തിന് കാരണണാകുന്നതായി പഠനം വ്യക്തമാക്കുന്നു.

മരിച്ചവരുടെ കുടുംബ ചരിത്രം, കൊറോണ സമയത്തും മുമ്ബും ഉണ്ടായിരുന്ന അവസ്ഥകള്‍, സിഗരറ്റിന്റെ ഉപയോഗം, മദ്യപാനം, മറ്റ് ലഹരികളുടെ ഉപയോഗം എന്നിവയെല്ലാം ഗവേഷകര്‍ പരിശോധനാ വിധേയമാക്കിയിരുന്നു.

നിരന്തരമുള്ള മദ്യപാനം, ലഹരി ഉപയോഗം എന്നിവയെല്ലാം യുവാക്കളില്‍ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് വലിയ കാരണമായിത്തീരാറുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. ആരോഗ്യം നോക്കാതെ, നിരന്തരം കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതും പെട്ടെന്നുള്ള മരണത്തിന് കാരണമാകാമെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *