ഹേമ കമ്മറ്റി റിപ്പോർട്ടില്‍ നോഡല്‍ ഓഫീസറെ നിയമിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം.
പരാതിക്കാർ നേരിടുന്ന ആക്ഷേപങ്ങളും അധിക്ഷേപങ്ങളും നോഡല്‍ ഓഫീസറെ അറിയിക്കാമെന്നും ഹൈക്കോടതി. ഹേമ കമ്മറ്റിക്ക് മുൻപില്‍ പരാതി നല്‍കിയവർക്ക് നേരെ ഭീഷണിയെന്നും ഒട്ടേറെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു.
ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹർജികള്‍ പരിഗണിക്കുന്ന ബെഞ്ചിന് മുന്നിലാണ് ഡബ്ല്യുസിസി നിർണായകമായ വിവരങ്ങള്‍ അറിയിച്ചത്. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവർക്ക് ഭീഷണികള്‍ ലഭിക്കുന്നുവെന്നും അവരെ അധിക്ഷേപിക്കുന്നതും പൊതുമധ്യത്തില്‍ അപമാനിക്കുന്നതുമായ പ്രസ്താവനകളും പലരും നടത്തുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഈയൊരു സാഹചര്യത്തില്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണമെന്നാണ് ഡിവിഷൻ ബഞ്ച് നിർദേശിച്ചിട്ടുള്ളത്. പ്രത്യേക അന്വേഷണസംഘത്തിനാണ് ഹൈക്കോടതി നിർദേശം നല്‍കിയത്.
ആർക്കെങ്കിലും ഇത്തരത്തില്‍ അധിക്ഷേപങ്ങളോ, ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ അത് നോഡല്‍ ഓഫീസറെ അറിയിക്കണം. നോഡല്‍ ഓഫീസറെ നിയമിച്ച കാര്യങ്ങള്‍ പരസ്യമാക്കണമെന്നും ഹൈക്കോടതി എസ്‌ഐടിക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഹർജി പരിഗണിക്കുന്നതിനിടെ സിനിമാനയം രൂപീകരിക്കുന്നത് എപ്പോഴാണെന്ന് ചോദ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ ജനുവരിയില്‍ സിനിമ കോണ്‍ക്ലേവ് നടത്തുമെന്ന സർക്കാർ അറിയിച്ചു. ഈ കോണ്‍ക്ലേവില്‍ ഷാജി എൻ കരുണ്‍ സമിതിയുടെ റിപ്പോർട്ട് അവതരിപ്പിക്കും. അതിനുശേഷമായിരിക്കും സിനിമാ നയത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.