ഒരു ഇടവേളയ്ക്ക് ശേഷം മണിപ്പൂർ വീണ്ടും അശാന്തമാകുന്നു. മണിപ്പൂരില്‍ വീണ്ടും കലാപം അതിരൂക്ഷമാകുന്നു.
മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം ആക്രമണം വ്യാപിച്ചതോടെ മണിപ്പൂര്‍ കലാപത്തിടപെട്ട് കേന്ദ്രം. തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റി വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.
സായുധ സംഘങ്ങള്‍ക്കെതിരെ 24 മണിക്കൂറിനകം കേന്ദ്ര – സംസ്ഥാന സർക്കാറുകള്‍ നടപടി എടുക്കണമെന്ന് മെയ്തെയ് സംഘടന അന്ത്യ ശാസനം നല്‍കുകയും ചെയ്തു.
കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കലാപം വീണ്ടും രൂക്ഷമായതെന്നാണ് റിപ്പോർട്ടുകള്‍. സായുധ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതില്‍ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് മെയ്തെയ് വിഭാഗക്കാരുടെ പ്രതിഷേധം. ഇംഫാലില്‍ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചവരെ ടിയർഗ്യാസ് പ്രയോഗിച്ചാണ് പോലീസ് തുരത്തിയത്.
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകളും വാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്തു. ഇംഫാല്‍ മേഖലയിലെ പള്ളികളും തീയിട്ടു. സർക്കാർ ഇടപെടല്‍ ഫലപ്രദമാകാതായതോടെയാണ് കേന്ദ്രം ഇപ്പോള്‍ ഇടപ്പെട്ടിരിക്കുന്നത്.