കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെമരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയില്‍ തലശേരി ജില്ലാ കോടതി നവംബർ എട്ടിന് വിധി പറയും.
ചൊവ്വാഴ്ച്ചദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട ശേഷം കേസ് വിധിപറയാനായി മാറ്റുകയായിരുന്നു. എഡിഎം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഊന്നിയാണ് ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ കോടതിയില്‍ വാദമുഖങ്ങള്‍ അവതരിപ്പിച്ചത്.
കൈക്കൂലി നല്‍കിയതിനാണ് പ്രശാന്തനെ ജോലിയില്‍ നിന്ന് സസ്പെൻ്റ് ചെയ്തതെന്നും എഡിഎം പ്രശാന്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മില്‍ കണ്ടുവെന്നും ഇതിൻ്റെ ദൃശ്യങ്ങള്‍ കെടിഡിസിയുടെ ഹോട്ടലില്‍ നിന്ന് ശേഖരിക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
അഞ്ചാം തീയ്യതി പ്രശാന്ത് സഹകരണ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ സ്വർണ വായ്പയെടുത്തതും ആറാം തീയ്യതി എഡിഎമ്മും പ്രശാന്തും ഒരേ ടവർ ലൊക്കേഷനില്‍ ഉണ്ടായതും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ.വിശ്വൻ കോടതിയില്‍ ആവശ്യപ്പെട്ടത്.
ഫോണ്‍ വിളിച്ചാല്‍ കൈക്കൂലി വാങ്ങിയെന്നാകുമോയെന്ന് പ്രോസിക്യൂഷൻ മറുവാദത്തില്‍ ചോദിച്ചു. കൈക്കൂലി ആരോപണം മാത്രമല്ല പ്രശാന്തനെതിരെ നടപടിക്ക് അച്ചടക്ക ലംഘനവും കാരണമായത്. എഡിഎമ്മും പ്രശാന്തും ഫോണില്‍ സംസാരിച്ചത് എങ്ങനെ കൈക്കൂലി വാങ്ങിയതിൻ്റെ തെളിവാകും? പ്രശാന്ത് ബാങ്കില്‍ നിന്ന് വായ്പയെടുത്തത് കൈക്കൂലി നല്‍കാനാണെന്ന് പറയാൻ തെളിവെന്താണ്?
കൈക്കൂലി നല്‍കിയെന്നത് പ്രശാന്തിൻ്റെ ആരോപണം മാത്രമാണ്. 19ാം വയസില്‍ സർവീസില്‍ പ്രവേശിച്ച നവീൻ ബാബുവിനെ കുറിച്ച് കൈക്കൂലി ആരോപണങ്ങള്‍ ഉണ്ടായിട്ടേയില്ല. ആരോപണം ഉയർന്ന കണ്ണൂരിലെ ഫയലില്‍ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. പിന്നെ എന്തിന് അഴിമതി നടത്തണം?
പണം നല്‍കിയെന്നതിന് തെളിവുകളോ സാക്ഷികളോ ഇല്ല. എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നല്‍കരുതെന്നും കോടതിയില്‍ പ്രോസിക്യൂഷൻ വാദിച്ചു.
എഡിഎമ്മിൻ്റെ മരണത്തില്‍ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീൻ ബാബുവിൻ്റെ കുടുംബം വാദിച്ചു. എഡിഎമ്മിൻ്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ല.
ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന വാദം തെറ്റാണ്. എഡിഎം കുറ്റസമ്മതം നടത്തിയെന്ന ആരോപണം കലക്ടർ നിഷേധിച്ചിരുന്നു. കലക്ടർ നവീൻ ബാബുവിനോട് സൗഹൃദത്തോടെ പെരുമാറുന്ന ആളല്ല. മാനസിക അടുപ്പം ഇല്ലാത്ത കലക്ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണ്. റവന്യു അന്വേഷണത്തില്‍ കളക്ടർ നേരിട്ട് മൊഴി നല്‍കിയില്ല.
നിയമോപദേശം തേടിയ ശേഷം എഴുതി തയ്യാറാക്കിയ മൊഴിയാണ് നല്‍കിയത്. സർക്കാർ ജീവനക്കാരൻ പെട്രോള്‍ പമ്ബ് തുടങ്ങണമെന്ന് പറഞ്ഞു വരുമ്ബോള്‍ ജില്ലാ പഞ്ചായത്ത് ആധ്യക്ഷ തടയേണ്ടതല്ലേ? പ്രശാന്തനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. 14ാം തിയ്യതി വരെ ഫയലില്‍ അനുമതി വൈകിപ്പിച്ചു എന്നാണ് ദിവ്യ പറഞ്ഞിരുന്നത്. ദിവ്യ കീഴടങ്ങിയത് നന്നായി.
അല്ലങ്കില്‍ പൊലീസും ദിവ്യയും തമ്മിലെ ഒളിച്ചു കളി തുടർന്നേനെ. കലക്ടറുടെ മൊഴി ദിവ്യയുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കലക്ടറുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.
ഏകദേശം രണ്ടര മണികൂറോളം നടന്ന വാദപ്രതിവാദത്തിനു ശേഷമാണ് കോടതി ഉച്ചയോടെ ജാമ്യാപേക്ഷ എട്ടിന് വിധി പറയുന്നതിനായി മാറ്റിവെച്ചു പിരിഞ്ഞത്. തലശേരി പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജ് നിസാർ അഹ്മ്മദ് മുൻപാകെയാണ് കേസ് പരിഗണിക്കുന്നത്.