മുഖ്യമന്ത്രി ആദ്യം മുതല്‍ എഡിജിപിയെ സംരക്ഷിച്ചിരുന്നുവെന്നും ഇപ്പോഴും സംരക്ഷിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മറ്റ് വഴിയില്ലാത്തതിനാല്‍ ട്രാന്‍സ്ഫര്‍ എന്ന ചെറിയ നടപടി സ്വീകരിച്ചുവെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് ജുഡീഷ്യല്‍ അന്വേഷണമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് വെറും ട്രാന്‍സ്ഫര്‍ മാത്രമാണ്. മുഖ്യമന്ത്രി അവസാനം വരെ അദ്ദേഹത്തെ സംരക്ഷിച്ചിരുന്നു. മുഖ്യമന്ത്രി ഇപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അജിത് കുമാര്‍ ഇവിടെ എല്ലാ ഇടപാടുകളും നടത്തിയിരിക്കുന്നത്. ആര്‍എസ്‌എസുമായി കൂടിക്കാഴ്ച നടത്തിയതില്‍ ചട്ടലംഘനമുണ്ടെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യാനാകും. ഒരു വ്യക്തിയെ മറ്റൊരു വ്യക്തി കാണുന്നതില്‍ തെറ്റില്ല. നാളെ നിയമസഭ കൂടുകയല്ലേ. അവര്‍ക്കൊരു രാഷ്ട്രീയ തീരുമാനം എടുക്കണം. അതിന് വേണ്ടി ഒരു ട്രാന്‍സ്ഫര്‍ ഉണ്ടായിരിക്കുന്നു. അത്രമാത്രം. അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതിനെ കുറിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷികളും ആവശ്യപ്പെട്ടത് പ്രകാരം തത്ക്കാലത്തേക്ക് അദ്ദേഹത്തിനൊരു ചെറിയ നടപടിയെടുത്തു എന്നേയുള്ളൂ. കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് എഡിജിപിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ്. യുഡിഎഫ് നാളെ യോഗം വിളിച്ചിട്ടുണ്ട്. സ്രാറ്റജി അതില്‍ തീരുമാനിക്കും. മുഖ്യമന്ത്രി വിശദീകരിക്കേണ്ടി വരും’, ചെന്നിത്തല വ്യക്തമാക്കി