പാരിസ് ഒളിമ്ബിക്സിലെ മെഡല്‍ ജേതാക്കളെ ആദരിക്കാനായി താൻ മുന്നോട്ടുവെച്ച നിർദേശം എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തള്ളിയെന്ന പരാമർശവുമായി രംഗത്തുവന്ന ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ (ഐ.ഒ.എ) പ്രസിഡന്‍റ് പി.ടി.
ഉഷക്കെതിരെ നിശിത വിമർശനവുമായി ഐ.ഒ.എ ട്രഷറർ സഹ്ദേവ് യാദവ് രംഗത്ത്. ഉഷ പറയുന്നത് പച്ചക്കള്ളമാണെന്നും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കു മുന്നില്‍ അത്തരത്തിലൊരു നിർദേശം വന്നിട്ടില്ലെന്നും സഹ്ദേവ് യാദവ് പറഞ്ഞു. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം കെട്ടിച്ചമച്ച നുണകള്‍ പ്രചരിപ്പിക്കാണ് ഉഷ ശ്രമിക്കുന്നതെന്നും ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ കൂടിയായ സഹ്ദേവ് ആരോപിച്ചു.
“എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ എന്തിനാണ് ഐ.ഒ.എ പ്രസിഡന്‍റ് നുണപ്രചാരണം നടത്തുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അവർ പറയുന്നത്. കെട്ടിച്ചമച്ച കഥകള്‍ വിളിച്ചുപറയുന്ന അവർ മാധ്യമങ്ങള്‍ക്കു മുന്നില്‍ മുതലക്കണ്ണീർ ഒഴുക്കുകയാണ്” -സഹ്ദേവ് പറഞ്ഞു. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും ഫിനാൻസ് കമ്മിറ്റിയും അംഗീകരിച്ചതു പ്രകാരമുള്ള തുക താരങ്ങളുടെ പരിശീലനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കൃത്യമായി നല്‍കിയിട്ടുണ്ടെന്നും സഹ്ദേവ് വ്യക്തമാക്കി.
ശനിയാഴ്ചയാണ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ പരാമർശവുമായി പി.ടി. ഉഷ രംഗത്തുവന്നത്. പാരിസില്‍ ആറ് മെഡലുകളാണ് ഇന്ത്യ നേടിയത്. രാജ്യത്തിന്‍റെ അഭിമാനമായ താരങ്ങളെ ആദരിക്കുകയെന്നത് ഒളിമ്ബിക് അസോസിയേഷന്‍റെ ഉത്തരവാദിത്തമാണ്. ആഗസ്റ്റ് പകുതിയോടെ താരങ്ങള്‍ തിരിച്ചെത്തിയെങ്കിലും അവരെ ആദരിക്കാനുള്ള പരിപാടിയില്‍ ചർച്ച നടത്താൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഇതുവരെ തയാറായിട്ടില്ല. താരങ്ങള്‍ക്ക് തയാറെടുപ്പിനായി നല്‍കേണ്ട രണ്ട് ലക്ഷം രൂപയും പരിശീലകർക്കുള്ള ഒരു ലക്ഷം രൂപയും ഫിനാൻസ് കമ്മിറ്റി തടഞ്ഞുവച്ചിരിക്കുകയാണെന്നും ഉഷ ആരോപിച്ചു.
ജനുവരിയില്‍ രഘുറാം അയ്യർ സി.ഇ.ഒ ആയി ചുമതല ഏറ്റതിനു പിന്നാലെയാണ് ഐ.ഒ.എയില്‍ ആഭ്യന്തര അസ്വസ്ഥതകള്‍ക്ക് തുടക്കമായത്. എക്സിക്യുട്ടീവ് അംഗങ്ങള്‍ അയ്യരെ നീക്കണമെന്ന് ആവശ്യപ്പെടുമ്ബോള്‍ ഉഷ ശക്തമായ പിന്തുണയാണ് നല്‍കുന്നത്. പ്രതിമാസം 20 ലക്ഷം രൂപ അയ്യർക്ക് ശമ്ബളമായി നല്‍കുന്നു എന്നതാണ് അംഗങ്ങളുടെ എതിർപ്പിന് പ്രധാന കാരണം. സെപ്റ്റംബർ ഒടുവില്‍ പ്രശ്നപരിഹാരത്തിനായി യോഗം ചേർന്നെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ഉഷയുടേത് ഏകാധിപത്യ ഭരണമാണെന്നും അവരെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് ഐ.ഒ.സി പ്രതിനിധിക്ക് എക്സിക്യുട്ടീവ് കമ്മിറ്റി കത്തയക്കുകയും ചെയ്തു.