ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉല്‍പാദന കേന്ദ്രം കണ്ണൂരില്‍ പ്രവർത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനായി.സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെല്‍ട്രോണ്‍ കോംപണൻ്റ് കോമ്ബ്ലക്സ് ആരംഭിച്ച പുതിയ പ്ലാൻ്റില്‍ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകള്‍ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും ബഹിരാകാശ ദൗത്യങ്ങള്‍ക്കുമുള്‍പ്പെടെ വിതരണം ചെയ്യാൻ സാധിക്കും.
ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകള്‍ വരെ നിർമ്മിക്കാൻ പുതിയ പ്ലാൻ്റിന് സാധിക്കും. ഏറ്റവും ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതല്‍ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്. ബാറ്ററികളിലേതിനേക്കാള്‍ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകള്‍ വഴി സാധിക്കും. ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർ കപ്പാസിറ്ററുകള്‍ ഇലക്‌ട്രിക് വാഹനങ്ങള്‍, ഓട്ടോമോട്ടീവ് യന്ത്രങ്ങള്‍, ഇൻവേർട്ടറുകള്‍, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളില്‍ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഉല്‍പ്പന്നമാണ്.
രാജ്യത്തിൻ്റെ പ്രതിരോധ മേഖലയില്‍ ദീർഘകാലമായി പ്രവർത്തിക്കുന്ന കെല്‍ട്രോണിനൊപ്പം ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ, സി.എം.ഇ. ടി എന്നീ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. 42 കോടി മുതല്‍ മുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടം 18 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ISRO യുടെ സാങ്കേതിക സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
4 കോടി രൂപ ചിലവില്‍ നിർമ്മിച്ച ഡ്രൈറൂമുകളും, വിദേശത്തു നിന്നും ഇറക്കുമതി ചെയ്തവയുള്‍പ്പെടെ 11-ല്‍ പരം മെഷിനറികളും ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്നു. നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും 3 കോടി രൂപയുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നു. 2000 സൂപ്പർകപ്പാസിറ്ററുകളായിരിക്കും പ്രതിദിന ഉല്‍പാദന ശേഷി. ഇതോടെ കെ.സി.സി.എല്‍ ലോകനിലവാരമുള്ള ഇലക്‌ട്രോണിക്സ് കോംപണന്റ്സ് ഉല്പാദകരിലൊന്നായി മാറി.
സൂപ്പര്‍കപ്പാസിറ്റര്‍ അഥവാ അള്‍ട്രാ കപ്പാസിറ്റര്‍ / ഇലക്‌ട്രിക്കല്‍ ഡബിള്‍ ലേയര്‍ കപ്പാസിറ്റര്‍ എന്നറിയപ്പെടുന്ന കപ്പാസിറ്ററുകള്‍ ഉയര്‍ന്ന ശേഷിയുള്ള കപ്പാസിറ്ററുകളാണ്. അവയുടെ കപ്പാസിറ്റന്‍സ് സാധാരണ കപ്പാസിറ്ററുകളേക്കാള്‍ വളരെ ഉയര്‍ന്നതും കുറഞ്ഞ വോള്‍ട്ടേജ് പരിധികളുള്ളവയുമാണ്. ഇലക്‌ട്രോലൈറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ച് നൂറ് മടങ്ങ് ഊര്‍ജ്ജം സംഭരിക്കാന്‍ കഴിവുള്ളവയാണിവ. ബാറ്ററികളെ അപേക്ഷിച്ച് സൂപ്പര്‍കപ്പാസിറ്ററിന് വളരെ വേഗത്തില്‍ ചാര്‍ജ് സ്വീകരിക്കാനും വിതരണം ചെയ്യാനും കഴിയും.
റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളേക്കാള്‍ കൂടുതല്‍ ചാര്‍ജ് / ഡിസ്ചാര്‍ജ് സൈക്കിളുകള്‍ കൈകാര്യം ചെയ്യാനും കഴിയും. ഓര്‍ഗാനിക് ഇലക്‌ട്രോലൈറ്റിനൊപ്പം ആക്ടിവേറ്റഡ് കാര്‍ബണ്‍ ഇലക്‌ട്രോഡിനെ അടിസ്ഥാനമാക്കിയാണ് സൂപ്പര്‍കപ്പാസിറ്ററുകള്‍ നിര്‍മ്മിക്കുന്നത്. ആക്ടിവേറ്റഡ് കാര്‍ബണിന്‍റെ പ്രധാന ഗുണം അതിന്‍റെ വൈവിധ്യമാര്‍ന്ന ഘടന , കുറഞ്ഞ ചിലവ്, വളരെ വികസിത ഉപരിതല വിസ്തീര്‍ണ്ണം, സങ്കീര്‍ണ്ണമായ രൂപകല്‍പ്പന ആവശ്യമില്ലാത്ത ഉയര്‍ന്ന ഊര്‍ജ്ജ ആപ്ലിക്കേഷനുകള്‍ എന്നിവയാണ്.