സ്‌കൂളിലെ സാമ്ബാര്‍ ചെമ്ബില്‍ വീണ് വിദ്യാര്‍ഥിനി മരിച്ചു; ഏഴു പേര്‍ക്കെതിരെ കേസെടുത്തു

ബംഗളൂരു: സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ സാമ്ബാര്‍ ചെമ്ബിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്. കല്‍ബുറഗി ജില്ലയിലെ അഫ്‌സല്‍പൂര്‍ താലൂക്കിലെ ചിന്‍ംഗേര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മഹന്തമ്മ. സ്‌കൂളിലെ അടുക്കളയില്‍ ഉച്ച ഭക്ഷണത്തിനായി തയ്യാറായി കൊണ്ടിരുന്ന സാമ്ബാര്‍ ചെമ്ബിലേക്ക് വിദ്യാര്‍ഥിനി വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്ചയായിരുന്നു സംഭവം. അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ ചൗദാപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തുടര്‍ ചികിത്സയ്ക്കായി കല്‍ബുറഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി.

മകള്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വെള്ളിയാഴ്ച കല്‍ബുറഗിയിലെ ബസവേശ്വര ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നും ആരോഗ്യ നില വഷളായതോടെ ശനിയാഴ്ച ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 3.30ന് വിദ്യാര്‍ഥിനി മരിക്കുകയായിരുന്നുവെന്ന് അഫ്സല്‍പൂര്‍ തഹസില്‍ദാര്‍ സഞ്ജീവ് കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *