തനിക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ ആരോപണം നിഷേധിച്ച് പത്തനംതിട്ട മുൻ എസ്പി സുജിത് ദാസ്. ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സുജിത് ദാസ് പറഞ്ഞു.
2022ല്‍ തന്‍റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമാണ് സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ ഇതിന്‍റെ വിശദാംശങ്ങള്‍ ഉണ്ടെന്നും സുജിത് ദാസ് അവകാശപ്പെട്ടു.
പരാതിക്കാരി നിരന്തരമായി പോലീസിനെതിരേ കേസ് കൊടുക്കുന്നയാളാണ്. നേരത്തേ എസ്‌എച്ച്‌ഒ വിനോദിനെതിരേ നല്‍കിയ പരാതിയില്‍ കഴമ്ബില്ലെന്ന് കണ്ട് തള്ളിയതാണ്.
തന്നെ വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകര്‍ക്കാനുള്ള ഗൂഢ നീക്കമാണിത്. ഒരു വ്യക്തിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. ഇവർക്കതിരേ ക്രിമിനല്‍, സിവില്‍ കേസുകളുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പ്രതികരിച്ചു.
പരാതിയുമായി എസ്പി ഓഫീസിലെത്തിയപ്പോള്‍ സുജിത് ദാസ് ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു വീട്ടമ്മയുടെ ആരോപണം. കുടുംബപ്രശ്‌നത്തെപ്പറ്റിയുള്ള പരാതിയുമായി സമീപിച്ചപ്പോള്‍ രണ്ട് തവണ ബലാത്സംഗം ചെയ്തു. രണ്ടാമത്തെ തവണ അതിക്രമം ഉണ്ടായപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ കൂടെയുണ്ടായിരുന്നു. പരാതി പറയരുതെന്ന് ഭീഷണിപ്പെടുത്തി.
മുഖ്യമന്ത്രി തന്‍റെ അങ്കിളാണെന്ന് സുജിത് ദാസ് പറഞ്ഞെന്നും വീട്ടമ്മ ആരോപിച്ചു. എസ്പിക്കെതിരേയുള്ള പി.വി.അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് ശേഷമാണ് ഇക്കാര്യം പുറത്തുപറയാന്‍ തീരുമാനിച്ചതെന്നും പരാതിക്കാരി പറഞ്ഞിരുന്നു.