ഉപതെരഞ്ഞെടുപ്പില്‍ ഒമ്ബത് ബിജെപി അംഗങ്ങളും സഖ്യകക്ഷികളില്‍ നിന്ന് രണ്ട് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ഭരണകക്ഷിയായ എൻഡിഎക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമായി.
ഒമ്ബത് പേർ തിരഞ്ഞെടുക്കപ്പെട്ടതോടെ ബിജെപിയുടെ അംഗബലം 96 ആയി ഉയർന്നു. 112 ആണ് എൻഡിഎ മുന്നണിയുടെ അംഗബലം. ഇതുകൂടാതെ ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിൻ്റെയും പിന്തുണയും ഭരണ മുന്നണിക്കുണ്ട്. ഇതുകൂടി ചേർക്കുമ്ബോള്‍ ഭരണമുന്നണിയുടെ കരുത്ത് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 119 ലെത്തും. ഒരു കോണ്‍ഗ്രസ് അംഗം കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയിലെ കോണ്‍ഗ്രസ് അംഗസംഖ്യ 85 ആയി ഉയർന്നു.
രാജ്യസഭയില്‍ ആകെ 245 സീറ്റുകളാണുള്ളത്. ഇതില്‍ ജമ്മു കാശ്മീരില്‍ നിന്ന് നാലും നോമിനേറ്റഡ് അംഗങ്ങള്‍ക്കുള്ള നാലും സീറ്റുകള്‍ അടക്കം എട്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് കുറച്ചാല്‍ രാജ്യസഭയിലെ നിലവിലെ അംഗബലം 237 ആണ്. ഇതനുസരിച്ച് കേവല ഭൂരിപക്ഷം 119 സീറ്റ്. ഈ 119 സീറ്റുകളുടെ കരുത്താണ് എൻ ഡി എ ഇപ്പോള്‍ നേടിയിരിക്കുന്നത്.
അസമില്‍ നിന്ന് മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ തെലി, ബിഹാറില്‍ നിന്ന് മനൻ കുമാർ മിശ്ര, ഹരിയാനയില്‍ നിന്ന് കിരണ്‍ ചാധരി, മധ്യപ്രദേശില്‍ നിന്ന് ജോർജ് കുര്യൻ, മഹാരാഷ്ട്രയില്‍ നിന്ന് ധിര്യ ഷീല്‍ പാട്ടീല്‍, ഒഡീഷയില്‍ നിന്ന് മമത മൊഹന്ത, രാജസ്ഥാനില്‍ നിന്ന് രവ്‌നീത് സിംഗ് ബിട്ടു, ത്രിപുരയില്‍ നിന്നുള്ള രാജീവ് ഭട്ടാചാരി എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥികളില്‍ ഉള്‍പ്പെടുന്നു.
കോണ്‍ഗ്രസിൻ്റെ അഭിഷേക് മനു സിങ്‌വി തെലങ്കാനയില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്ന് എൻസിപി അജിത് പവാർ വിഭാഗത്തിൻ്റെ നിതിൻ പാട്ടീലും ബിഹാറില്‍ നിന്ന് ആർഎല്‍എമ്മിൻ്റെ ഉപദേന്ദ്ര കുശ്വാഹയും തിരഞ്ഞെടുക്കപ്പെട്ടു.
ഒരു ദശാബ്ദമായി രാജ്യസഭയില്‍ ഭൂരിപക്ഷത്തിനായി കാത്തിരിക്കുകയായിരുന്നു എൻ ഡി എ. വിവാദ ബില്ലുകള്‍ ലോക്സഭ കടന്നാല്‍ രാജ്യസഭയില്‍ എത്തിച്ച് എളുപ്പത്തില്‍ പാസ്സാക്കിയെടുക്കാൻ ഇത് ഭരണമുന്നണിയെ സഹായിക്കും. മുമ്ബ് ലോക്സഭയില്‍ ബില്ല് പാസ്സാക്കിയാലും രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ വേഗത്തില്‍ പാസ്സാക്കാൻ സാധിക്കുമായിരുന്നില്ല. നവീൻ പട്നായിക്കിൻ്റെ ബിജു ജനതാദള്‍, വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്‌ആർ കോണ്‍ഗ്രസ് തുടങ്ങിയ ചേരിചേരാ കക്ഷികളുടെ സഹായത്തോടെയായിരുന്നു രാജ്യസഭയില്‍ ചില ബില്ലുകളെങ്കിലും അന്ന് ബിജെപി പാസ്സാക്കിയെടുത്തിരുന്നത്.