രാജ്യത്തെ ജനാധിപത്യത്തിന്റെ പുരോഗതി സാമൂഹിക ജനാധിപത്യത്തിലേക്കുള്ള മുന്നേറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.
78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ‘പട്ടികജാതി- പട്ടികവര്‍ഗ-മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായി അഭൂതപൂര്‍വമായ നടപടികള്‍ ആരംഭിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ സാമൂഹിക നീതിക്കാണ് മുന്‍ഗണന നല്‍കുന്ന’തെന്നും രാഷ്ട്രപതി പറഞ്ഞു.
‘സാമൂഹിക ജനാധിപത്യത്തിന്റെ അടിത്തറയിലല്ലാതെ രാഷ്ട്രീയ ജനാധിപത്യം നിലനില്‍ക്കില്ലെ’ന്ന് ബി ആര്‍ അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് മുര്‍മു വ്യക്തമാക്കി. ജനാധിപത്യത്തിന്റെ പുരോഗതി സാമൂഹിക ജനാധിപത്യത്തിന്റെ ദൃഢീകരണത്തിന്റെ തെളിവാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. വൈവിധ്യവും ബഹുസ്വരതയും ഉള്‍ക്കൊള്ളുന്ന ഒരു യോജിച്ച രാഷ്ട്രമായി ഇന്ത്യ മുന്നോട്ട് പോകുന്നുവെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
നേരിട്ടുള്ള സാമ്ബത്തിക സഹായം നല്‍കുന്ന പ്രധാനമന്ത്രി സമാജിക് ഉത്താന്‍ എവം റോസ്ഗര്‍ ആധാരിത് ജന്‍കല്യണ്‍ (PM-SURAJ), പ്രധാന്‍ മന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ (PM-JANMAN) എന്നിവയുള്‍പ്പെടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിരവധി സര്‍ക്കാര്‍ സംരംഭങ്ങളെക്കുറിച്ച് പ്രസിഡന്റ് മുര്‍മു പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
ശുചീകരണ തൊഴിലാളികള്‍ അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന തോട്ടിപ്പണി ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന നമസ്തേ പദ്ധതിയെക്കുറിച്ചും രാഷ്ട്രപതി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ‘സ്ത്രീകളുടെ ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും സര്‍ക്കാര്‍ തുല്യ പ്രാധാന്യം നല്‍കിയിട്ടുണ്ട് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ ദശകത്തില്‍ ഇതിനായി ബജറ്റ് വിഹിതം മൂന്നിരട്ടിയിലധികം വര്‍ദ്ധിച്ചു’, രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. സ്ത്രീ സംവരണ നിയമം സ്ത്രീ ശാക്തീകരണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കാര്‍ഷിക സ്വാശ്രയത്വത്തിന് സംഭാവന നല്‍കുന്ന കര്‍ഷകരുടെ സുപ്രധാന പങ്കിനെയും പ്രസംഗത്തില്‍ മുര്‍മു ചൂണ്ടിക്കാണിച്ചു.
സാമ്ബത്തിക വളര്‍ച്ചയുടെ സാധ്യതകളെക്കുറിച്ചും പ്രസംഗത്തില്‍ മുര്‍മു ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. റോഡുകള്‍, റെയില്‍വെ, തുറമുഖങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളിലെ ഗണ്യമായ പുരോഗതിയും പ്രസംഗത്തില്‍ രാഷ്ട്രപതി ചൂണ്ടിക്കാണിച്ചു. രാജ്യം ലോകത്തെ അഞ്ചാമത്തെ വലിയ സമ്ബദ് വ്യവസ്ഥയായി മാറിയെന്നും ദ്രൗപതി മുര്‍മു വ്യക്തമാക്കി.
സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെയും ദ്രൗപതി മുര്‍മു അനുസ്മരിച്ചു. ‘രാജ്യത്തിനായി ജീവന്‍ ത്യജിച്ചവരെ സ്മരിക്കുന്നു. രാജ്യത്തെ ഓരോ വിഭാഗവും സ്വാതന്ത്ര്യത്തിനായി പോരാടി’ രാഷ്ട്രപതി പറഞ്ഞു. മഹാത്മാഗാന്ധിയുടെ സംഭാവനകളെയും രാഷ്ട്രപതി അനുസ്മരിച്ചു. രാഷ്ട്ര ശില്പികളുടെ ത്യാഗം അവിസ്മരണീയം. രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ വിഭജിക്കപ്പെട്ടു. ആ വേദന മറക്കാനാകാത്തതാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യം മുന്നേറുകയാണെന്ന് വ്യക്തമാക്കിയ ദ്രൗപതി മുര്‍മു രാജ്യം പൂര്‍ത്തിയാക്കിയത് ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്നും ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രപതി അഭിനന്ദിച്ചു.
പുതിയതായി നടപ്പിലാക്കിയ ക്രിമിനല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഭാരതീയ ന്യായസംഹിത നടപ്പിലാക്കിയതിലൂടെ കൊളോണിയല്‍ കാലഘട്ടത്തിന്റെ ഒരു ശേഷിപ്പുകൂടി നാം നീക്കംചെയ്തുവെന്നും മുര്‍മു ചൂണ്ടിക്കാണിച്ചു. ശിക്ഷയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കുറ്റകൃത്യത്തില്‍ ഇരകളാകുന്നവര്‍ക്ക് നീതി ഉറപ്പാക്കുന്നതിനാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആദരവായിട്ടാണ് ഈ മാറ്റത്തെ കാണുന്നതെന്നും ദ്രൗപതി മുര്‍മു വ്യക്തമാക്കി.