സ്കൂള്‍ വിദ്യാര്‍ത്ഥിനി ബന്ധുക്കളായ യുവാക്കള്‍ക്കെതിരെ പീഡന പരാതി നല്‍കിയത് സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തില്‍; നിരപരാധികളായ യുവാക്കള്‍ പീഡനക്കേസില്‍ ജയിലില്‍ കിടന്നത് 68 ദിവസം

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ വ്യാജപീഡന പരാതിയെ തുടർന്ന് രണ്ട് യുവാക്കള്‍ ജയിലില്‍ കഴിഞ്ഞത് 68 ദിവസം.

പത്തൊൻപതും ഇരുപതും വയസുള്ള യുവാക്കളാണ് ചെയ്യാത്ത കുറ്റത്തിന് രണ്ടു മാസത്തിലേറെ ജയിലില്‍ കിടന്നത്. യുവാക്കളുടെ ബന്ധുവായ സ്കൂള്‍ വിദ്യാർത്ഥിനിയാണ് ഇരുവർക്കുമെതിരെ പീഡന പരാതി നല്‍കിയത്. സഹപാഠിയുമായുള്ള പെണ്‍കുട്ടിയുടെ പ്രണയബന്ധം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് മാതാപിതാക്കള്‍ പോലും അറിയാതെ പെണ്‍കുട്ടി യുവാക്കള്‍ക്കെതിരെ പീഡന പരാതി നല്‍കിയത്.

പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി നേരിട്ടെത്തിയതോടെ രണ്ട് യുവാക്കള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സഹോദരിയുടെ നന്മയ്ക്കായി ഇടപെട്ടതിന്റെ പേരില്‍ ചെറുപ്രായത്തില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്ന 19 ഉം 20 ഉം വയസുള്ള യുവാക്കള്‍ക്ക് കൗണ്‍സലിംഗ് നല്കാനും ജസ്റ്റിസ് സി.എസ്.ഡയസ് ഉത്തരവിട്ടു.

ബന്ധുക്കള്‍ക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികള്‍ നല്‍കുന്ന പീഡന പരാതിയില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടി സ്വീകരിക്കുന്നതിന് മുമ്ബ് ഏറെ ജാഗ്രത വേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ സർക്കാർ മാർഗ നിർദ്ദേശങ്ങള്‍ക്ക് രൂപം നല്‍കണമെന്നും കോടതി പറഞ്ഞു. തടിയിട്ടപ്പറമ്ബ് പൊലീസാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും ജാമ്യ ഹർജിയോടൊപ്പം പരാതി വ്യാജമാണെന്ന പെണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെ പിതാവിന്റെയും സത്യവാങ്മൂലങ്ങള്‍ ഫയല്‍ ചെയ്തിരുന്നു. തുടർന്ന് കോടതി പെണ്‍കുട്ടിയെ വിളിച്ചുവരുത്തി സംസാരിച്ചു.

സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. മകള്‍ പരാതി നല്‍കിയത് പൊലീസ് വീട്ടില്‍ എത്തിയപ്പോഴാണ് അറിഞ്ഞതെന്ന് പിതാവും പറഞ്ഞു. പോക്‌സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിന് ഉത്തമ ഉദാഹരണമാണിതെന്നും നിയമം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് വലിയ ഭീഷണിയാണെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *