ഇന്ത്യൻ കായികപ്രേമികള്‍ക്ക് ഹൃദയഭേദകമായ വാർത്തയാണ് കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്ബുവന്നത്. ഉറച്ച സ്വർണ മെഡല്‍ പ്രതീക്ഷയായി ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലില്‍ ഫൈനലില്‍ പ്രവേശിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയായാക്കിയ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ഭാരപരിശോധനയില്‍ പരാജയപെട്ടതോടെയാണ് താരത്തെ അയോഗ്യയാക്കിയത്. അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടിയതാണ് താരത്തിന് വിനയായത്.
നിയമങ്ങള്‍ അനുസരിച്ച്, ഗുസ്തിക്കാർ രണ്ടുതവണ തൂക്കം നല്‍കണം: പ്രാഥമിക റൗണ്ടുകളുടെ തുടക്കത്തിലും വീണ്ടും ഫൈനലിൻ്റെ അന്ന് രാവിലെയും . ചൊവ്വാഴ്ച രാവിലെ നടന്ന ആദ്യ പരിശോധനയില്‍ വിനേഷ് 50 കിലോഗ്രാം എന്ന പരിധി വിജയകരമായി തികച്ചു. എന്നിരുന്നാലും, മൂന്ന് മത്സരങ്ങളില്‍ മത്സരിക്കുകയും ദിവസം മുഴുവൻ നിറഞ്ഞുനില്‍ക്കുകയും ചെയ്തതോടെ വിനേഷിൻ്റെ ഭാരം വർദ്ധിച്ചെന്നാണ് മനസിലാക്കാൻ സാധിച്ചത്. ഏകദേശം മൂന്ന് കിലോ ഭാരം താരത്തിന് വർദ്ധിച്ചു എന്നാണ് റിപ്പോർട്ട്.
രാത്രി മുഴുവൻ അമിതഭാരം കുറയ്ക്കാൻ അവള്‍ പരിശ്രമിച്ചതായി പറയപ്പെടുന്നു. എന്തായാലും ആകുവോളം ശ്രമിച്ചിട്ടും അമിതമായി കൂടിയ 100 ഗ്രാം എന്ന വ്യത്യാസം കുറക്കാൻ താരത്തിനായില്ല. വിജേന്ദർ സിംഗ് ഉള്‍പ്പടെ ഉള്ളവർ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്.
യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ്ങിൻ്റെ റൂള്‍ ബുക്ക് ഇങ്ങനെ പ്രസ്‌താവിക്കുന്നു, ‘ഒരു അത്‌ലറ്റ് ഭാര പരിശോധനയില്‍ പങ്കെടുക്കാതിരിക്കുകയോ അതില്‍ പരാജയപ്പെടുകയോ ചെയ്യുക ആണെങ്കില്‍ അവൻ മത്സരത്തില്‍ നിന്ന് പുറത്താകുകയും അവസാന സ്ഥാനത്തായി അവനെ പരിഗണിക്കുകയും ചെയ്യും.’
അതിനാല്‍ തന്നെ, വിനേഷ് മത്സരത്തില്‍ നിന്ന് അയോഗ്യനാകുകയും അവളുടെ മെഡല്‍ നഷ്ടപ്പെടുകയും ചെയ്യും. 50 കിലോ വിഭാഗത്തില്‍ ഇനി ഒരു സ്വർണവും രണ്ട് വെങ്കലവും ഉണ്ടായിരിക്കും.