ഇന്ധനം അടിക്കാന്‍ പോലുമാകാതെ കേരള പൊലീസ്

കടബാധ്യത തീര്‍ക്കാന്‍ 57 കോടി രൂപ നല്‍കണമെന്ന കേരള പൊലീസിന്റെ ആവശ്യം അംഗീകരിക്കാതെ ധനവകുപ്പ്. കുടിശിക തീര്‍ക്കാതെ പൊലീസ് വാഹനങ്ങളില്‍ ഇന്ധനം നല്‍കില്ലെന്ന സാഹചര്യം അടക്കം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിനോട് കടബാധ്യത തീര്‍ക്കാനുള്ള തുക പൊലീസ് മേധാവി ആവശ്യപ്പെടുകയായിരുന്നു.

സംസ്ഥാന പൊലീസ് മേധാവിയുടെ ആവശ്യം തള്ളിയ സംസ്ഥാന സര്‍ക്കാര്‍ 26 കോടി മാത്രമാണ് അനുവദിച്ചത്.

തുക ചെലവാക്കുന്നതില്‍ പൊലീസിനെതിരെ വിമര്‍ശനം നടത്തിയാണ് 26 കോടി ധനവകുപ്പ് അനുവദിച്ചത്. ഭരണാനുമതി ഇല്ലാതെ പണം ചെലവഴിക്കുന്നുവെന്നാണ് പൊലീസിനെതിരായ വിമര്‍ശനം. ഇതാണ് കുടിശികയുണ്ടാകാന്‍ കാരണമെന്നും ഭരണാനുമതി ഇല്ലാത്ത കുടിശികകള്‍ ഇനി അനുവദിക്കില്ലെന്നുമാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കാണ് തുക ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമാണെന്നും പൊലീസ് മേധാവി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഇന്ധനമടിച്ച വകയില്‍ സ്വകാര്യ പമ്ബുകള്‍ക്ക് മാര്‍ച്ച്‌ പത്തുവരെ 28 കോടി രൂപയാണ് കുടിശികയിനത്തില്‍ കൊടുത്തു തീര്‍ക്കാനുള്ളത്. ഏപ്രില്‍ ഒന്നുമുതല്‍ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇന്ധനം കടം നല്‍കില്ലെന്ന് പെട്രോള്‍ പമ്ബുടമകള്‍ അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നത് എസ്‌എപി ക്യാമ്ബിലെ പൊലീസ് പമ്ബില്‍ നിന്നാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമുണ്ട് കുടിശ്ശിക. പണം നല്‍കിയാലേ അടുത്ത ലോഡുള്ളുവെന്ന് ഐഒസിയും അറിയിച്ചിട്ടുണ്ട്.

പ്രചാരണത്തിനായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ സംസ്ഥാനത്തെ പല മണ്ഡലങ്ങളിലായി നിരത്തിലിറങ്ങുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് സുരക്ഷാ ഒരുക്കാനും മറ്റും ഓടേണ്ട സമയത്താണ് കേരളാ പൊലീസിന് ഈ പ്രതിസന്ധി.

Leave a Reply

Your email address will not be published. Required fields are marked *