വയനാട് മുണ്ടക്കൈ ദുരന്തത്തിനെ തുടര്‍ന്നുള്ള ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്നവര്‍ക്ക് 400 മൊബൈല്‍ ഫോണുകളും ഒരുമാസം സൗജന്യമായി ഉപയോഗിക്കാവുന്ന സിമ്മുകളും എത്തിച്ച് മലപ്പുറം വണ്ടൂരിലെ ‘ചെങ്ങായീസ്’ യുവജനക്കൂട്ടായ്മ.
വിവിധ സാമൂഹിക, രാഷ്ട്രീയ സംഘടനകളില്‍പ്പെട്ടവരുടെ പ്രാദേശിക കൂട്ടായ്മയാണ് ചെങ്ങായീസ്.
മേപ്പാടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തത്. ദുരന്തഭൂമിയില്‍ എല്ലാം നഷ്ട്ടപ്പെട്ടവര്‍ക്ക് ബന്ധുക്കളെ പോലും ബന്ധപ്പെടാനാവാത്ത അവസ്ഥയായിരുന്നു. ചൊവ്വാഴ്ച ക്യാമ്ബ് സന്ദര്‍ശിച്ചപ്പോഴാണ് അവിടെ കഴിയുന്നവര്‍ക്ക് ദൂരെയുള്ള ബന്ധുക്കളെ ബന്ധപ്പെടാന്‍ വഴിയൊരുക്കുകയെന്ന ആശയം ഉണ്ടായത്.
തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് വാട്സാപ്പ് കൂട്ടായ്മയിലൂടെ ഫോണ്‍ ശേഖരിക്കാനുള്ള സന്ദേശം നല്കി. ക്യാമ്ബിലേക്കായി മൊബൈല്‍ ഫോണ്‍ ഉടമകള്‍ മൂന്നും നാലും മൊബൈല്‍ ഫോണുകളും സൗജന്യമായി നല്കി. പലരും പണവും നല്‍കിയിരുന്നു. വ്യാഴാഴ്ച രാവിലെ തന്നെ ഫോണുകളും ഒരുമാസം സൗജന്യമായി ഉപയോഗിക്കാവുന്ന സിംകാര്‍ഡുകളും ക്യാമ്ബില്‍ എത്തിച്ചു. ആദ്യഘട്ടത്തില്‍ 100 പേര്‍ക്കാണ് മൊബൈല്‍ ഫോണ്‍ നല്‍കിയത്. വിവിധ ക്യാമ്ബുകളിലായി 400ഓളം ഫോണുകള്‍ വിതരണം ചെയ്യും.