ജനുവരി 31 ബുധനാഴ്ച പേടിഎം പേയ്മെന്റസിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (ആര്‍ബിഐ) നിയന്ത്രണം ഏര്‍പെടുത്തി.പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ് ചെയ്യാനോ പാടില്ലെന്നാണ് നിര്‍ദേശം. ഫെബ്രുവരി 29 ന് ശേഷം പേയ്മെന്റ് ബാങ്കിന് ഉപഭോക്തൃ അകൗണ്ടുകളിലോ വാലറ്റുകളും ഫാസ്റ്റാഗുകളും പോലുള്ള പ്രീപെയ്ഡ് ഉപകരണങ്ങളിലോ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ ക്രെഡിറ്റ് ഇടപാടുകള്‍ അനുവദിക്കാനോ ടോപ്-അപുകള്‍ അനുവദിക്കാനോ കഴിയില്ലെന്ന് ആര്‍ബിഐ അറിയിച്ചു.
ഇതോടെ ബാങ്കിന്റെ യുപിഐ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഉപയോക്താവിന് കഴിയില്ല. ആര്‍ബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്മെന്റസ് ബാങ്ക് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപോര്‍ടിനെ തുടര്‍ന്നാണ് നടപടി. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. ഫെബ്രുവരി 29 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പേടിഎം പേയ്മെന്റസിന് ബാധകമാകും.
ഉപയോക്താക്കള്‍ക്ക് അവരുടെ അകൗണ്ടുകളില്‍ നിന്നും പ്രതിദിനം നിശ്ചയിച്ചിട്ടുള്ള പരിധിവരെ ഇടപാടുകള്‍ നടത്താനാകുമെന്നും ഉത്തരവില്‍ പറയുന്നു. പേടിഎമ്മിന്റെ മാതൃകംപനിയായ വണ്‍97 കമ്യൂണികേഷന്‍സ് ലിമിറ്റഡ്, പേടിഎം പെയ്മെന്റ് ലിമിറ്റഡ് എന്നിവയുടെ അകൗണ്ട് ഇടപാടുകളും ആര്‍ബിഐ അവസാനിപ്പിച്ചു.
അതേസമയം, പേടിഎം സേവിങ്സ് അകൗണ്ട്, ഫാസ്ടാഗ്സ്, കറന്റ് അകൗണ്ട്സ്, വാലറ്റ് എന്നിവയില്‍ നിന്ന് പണം പിന്‍വലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏര്‍പെടുത്തിയിട്ടില്ല. ഫെബ്രുവരി 29-നൊ അതിനുമുമ്ബോ ആരംഭിച്ച ഇടപാടുകള്‍ തുടങ്ങി എല്ലാ സെറ്റില്‍മെന്റുകളും മാര്‍ച് 15-നകം അവസാനിപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്.
പേടിഎം പേയ്മെന്റ് ബാങ്കിന് ആര്‍ബിഐ അധിക നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയതിന് പിന്നാലെ ഭാരത്പേയുടെ മുന്‍ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അഷ്നീര്‍ ഗ്രോവര്‍ പ്രതികരണവുമായി രംഗത്തെത്തി. ഫിന്‍ടെക് കംപനികള്‍ വളരാന്‍ ആര്‍ബിഐ ആഗ്രഹിക്കുന്നില്ലെന്ന് അഷ്നീര്‍ ഗ്രോവര്‍ എക്സില്‍ (മുമ്ബ് ട്വിറ്റര്‍) എഴുതിയ ഒരു പോസ്റ്റില്‍ ആര്‍ബിഐയെ വിമര്‍ശിച്ചു.