ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താൻ സഹായം തേടി പൊലീസ്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ ആളുകളെ കണ്ടെത്തുന്നതിന്റെ ഭാഗമായി പുഴയില്‍ തിരച്ചില്‍ നടത്താൻ മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി പോലീസ്.

ഇരവഴിഞ്ഞി പുഴ, ചാലിയാർ എന്നിവിടങ്ങളില്‍ വയനാട് ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താനാണ് നീക്കം. രണ്ടു ദിവസം പോലീസ് മുക്കം, കോടഞ്ചേരി, തിരുവമ്ബാടി പോലീസ് സ്റ്റേഷൻ പരിധികളില്‍ പുഴയില്‍ തിരച്ചില്‍ നടത്തും.

ഇതിന് വേണ്ടി മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി പൊലീസാണ് രംഗത്ത് വന്നത്. ഇതിന് തയ്യാറുള്ളവർ മേല്‍പ്പറഞ്ഞ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോർട്ട് ചെയ്യുകയോ താമരശ്ശേരി ഡി.വൈ.എസ്.പി പി പ്രമോദുമായി ഫോണില്‍ (നമ്ബർ – 9497990122) ബന്ധപ്പെടുകയോ ചെയ്യണമെന്ന് പോലീസ് നിർദേശിച്ചു. വേണ്ട സഹായങ്ങള്‍ പോലീസ് നല്‍കും.

മുണ്ടക്കൈ ദുരന്തത്തില്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 298 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. 27 പേര്‍ കുട്ടികളാണ്. 200ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്. നൂറിലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേർ ഉണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചതായാണ് വിവരം.

അതിനിടെ സൈന്യം നിര്‍മിച്ച ബെയ്ലി പാലം തുറന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായിട്ടുണ്ട്. കൂടുതല്‍ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച്‌ തിരച്ചില്‍ ഊർജിതമാക്കും. ചൂരല്‍ മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗം 40 മണിക്കൂർ കൊണ്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *